1

നെയ്യാറ്റിൻകര: കന്നിപ്പുറത്ത് ഒരു പാലം, കാലങ്ങളായി ഇവിടുത്തെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്. ഓരോ സർക്കാരും മാറിവരുമ്പോൾ പാലം നിർമ്മിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തുകാർ. എന്നാൽ ഭരണകാലം കഴിഞ്ഞ് അടുത്ത പാർട്ടി കേറുംമ്പോഴും കന്നിപ്പുറം പാലത്തിന് മാത്രം തീരുമാനമാകില്ല. ഇനിവരുന്ന തിരഞ്ഞെടുപ്പിലും കന്നിപ്പുറം പാലം ചർച്ചാവിഷയമാകുകയാണ്. നെയ്യാറ്റിൻകര ടൗണിൽ നിന്നും ഇരുമ്പിൽ, മാരായമുട്ടം പ്രദേശങ്ങളിലേക്ക് സഞ്ചാരം സുഗമമാക്കുന്നതിനുള്ള സ്വപ്‌ന പദ്ധതിയാണ് കന്നിപ്പുറം പാലം. ഇരുമ്പിൻ മാരായമുട്ടം ഭാഗത്തേക്ക് പോകുന്നതിന് നെയ്യാറ്റിൻകര കോടതിക്ക് സമീപത്തെ കന്നിപ്പുറം കടവിൽ പാലം നിർമ്മിക്കാൻ അധികൃതർ തയാറായത്. എന്നാൽ പ്രഖ്യാപനങ്ങൾ കഴിഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോഴും പാലം യാഥാർത്ഥ്യമായില്ലെന്നതാണ് സത്യം.

സ്വപ്നമായി പാലം

കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് പാലം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും നിർമ്മാണം യാഥാർത്ഥ്യമായില്ല. പിന്നീട് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴും പാലത്തിന്റെ മണ്ണ് പരിശോധന അടക്കം നടത്തിയെങ്കിലും തുടർനടപടികൾ മന്ദഗതിയിലാവുകയായിരുന്നു. ഇപ്പോൾ ഇരുമ്പിൽ ഭാഗത്തേക്ക് പോകേണ്ടവർ രാമേശ്വരം വഴിയും അറക്കുന്ന് കടവ് വഴിയുമാണ് സഞ്ചരിക്കുന്നത്.

കാൽനടതന്നെ ശരണം

കന്നിപ്പുറം കടവിലേക്ക് പോകാൻ നഗരസഭയുടെ വക കടത്ത് വള്ളമുണ്ടെങ്കിലും വഞ്ചിക്കാരന്റെ സേവനം എപ്പോഴും ലഭ്യമല്ല. അതിനാൽ ഇരുമ്പിൽ മാരായമുട്ടം ഭാഗങ്ങളിൽ നിന്നും ചന്തയിലേക്കും മറ്റും എത്തുന്ന ആൾക്കാർ രാമേശ്വരം അറക്കുന്ന് കടവ് വഴി നടക്കണം. ഈ രണ്ടിടങ്ങളിലും ബസ് സർവീസോ സമാന്തര വാഹനങ്ങളോ ഇല്ല. സ്വന്തമായി വാഹനം ഇല്ലാത്തവർ നടക്കുക തന്നെവേണം. പാലം യാഥാർത്ഥ്യമായി കഴിഞ്ഞാൽ ഇരുമ്പിൽ ഭാഗത്തു നിന്നും മിനിട്ടുകൾക്കുള്ളിൽ നെയ്യാറ്റിൻകര ടൗണിൽ എത്താനാകും. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് കന്നിപ്പുറത്ത് പാലം നിർമ്മിക്കാൻ അധികൃതർ തയാറായത്.