
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ സംസ്ഥാന തലത്തിൽ മൂന്ന് പ്രത്യേക നിരീക്ഷകരെ നിയമിച്ചു. ജില്ലാതലങ്ങളിലും മണ്ഡലതലങ്ങളിലും നിയോഗിച്ച പൊതു, ചെലവ്, പൊലീസ് നിരീക്ഷകർക്ക് പുറമേയാണിത്. പ്രത്യേക പൊതുനിരീക്ഷകൻ, പ്രത്യേക ചെലവ് നിരീക്ഷകൻ, പ്രത്യേക പൊലീസ് നിരീക്ഷകൻ എന്നിവരാണ് പുതുതായി എത്തുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
റിട്ട. ഐ.എ.എസ് ഓഫീസറായ ജെ.രാമകൃഷ്ണ റാവുവാണ് പ്രത്യേക പൊതു നിരീക്ഷകൻ. റിട്ട. ഐ.പി.എസ് ഓഫീസറായിരുന്ന ദീപക് മിശ്ര പ്രത്യേക പൊലീസ് നിരീക്ഷകനും, റിട്ട.ഐ.ആർ.എസ് ഓഫീസറായ പുഷ്പീന്ദർ സിംഗ് പൂനിയ പ്രത്യേക ചെലവ് നിരീക്ഷകനുമാണ്.
പ്രത്യേക പൊലീസ് നിരീക്ഷകനും പ്രത്യേക ചെലവ് നിരീക്ഷകനും കേരളത്തിലെത്തി. ഇവർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവരുമായും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. ഇവർ വിവിധ ജില്ലകൾ സന്ദർശിക്കും. ഇവിടങ്ങളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായും ജില്ലാ മണ്ഡലം തല പൊതു, ചെലവ്, പൊലീസ് നിരീക്ഷകരുമായും ചർച്ചകൾ നടത്തും.