
തിരുവനന്തപുരം: ശമ്പളമടക്കമുള്ള ചെലവുകൾക്കായി സർക്കാർ ആയിരം കോടി രൂപ കടമെടുക്കും. ഇതിനായി 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കും. ലേലം 16ന് റിസർവ് ബാങ്കിന്റെ മുംബയ് ഫോർട്ട് ഓഫീസിൽ ഇ കുബേർ സംവിധാനം വഴി നടക്കും.
ആർമി റിക്രൂട്ടമെന്റ് റാലി സമാപിച്ചു
തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഫെബ്രുവരി 26മുതൽ നടത്തിവന്ന ആർമി റിക്രൂട്ട്മെന്റ് റാലി ഇന്നലെ സമാപിച്ചു.
ഇന്നലെ വടക്കൻകേരളത്തിലെ 7ജില്ലകളിൽ നിന്നുള്ള 5246 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. ആകെ രജിസ്റ്റർ ചെയ്ത 91,646ൽ 55,300 പേരാണ് ഇതുവരെ കായികക്ഷമതാ പരീക്ഷയിലും മെഡിക്കൽ ടെസ്റ്റിലും പങ്കെടുത്തത്.
വിജയിച്ച ട്രേഡുകളിലേക്കുള്ള എഴുത്തുപരീക്ഷ തിരുവനന്തപുരത്ത് ഏപ്രിൽ 25നും മതാദ്ധ്യാപകർക്ക് മാത്രമായുള്ള എഴുത്തുപരീക്ഷ കോഴിക്കോട്ട് ജൂൺ 27നും നടക്കും.
സ്കോൾ-കേരള: 20 വരെ രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: സ്കോൾ-കേരളയുടെ 2020-22 ബാച്ചിലേക്കുള്ള ഒന്നാം വർഷ ഹയർ സെക്കൻഡറി കോഴ്സുകൾക്കും വി.എച്ച്.എസ്.ഇ അഡിഷണൽ മാത്തമാറ്റിക്സ് കോഴ്സിനും 20 വരെ രജിസ്റ്റർ ചെയ്യാം.
ഒന്നാം വർഷ ഹയർ സെക്കൻഡറി കോഴ്സുകൾക്ക് പ്രവേശനത്തിന് നിർദ്ദിഷ്ട രേഖകൾ സഹിതം സ്കോൾ-കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസിൽ ഹാജരായി രജിസ്ട്രേഷൻ നടത്തണം. വി.എച്ച്.എസ്.ഇ അഡിഷണൽ മാത്തമാറ്റിക്സ് കോഴ്സ് പ്രവേശനത്തിന് www.scolekerala.org യിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതം അപേക്ഷ അതത് സ്കൂൾ പ്രിൻസിപ്പൽ മുഖേന നേരിട്ടോ തപാൽ മാർഗമോ സ്കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ എത്തിക്കണം. വിവരങ്ങൾക്ക് 0471-2342950.