gst

 ₹50 കോടിക്കുമേൽ വിറ്റുവരവുള്ളവർക്ക് ബാധകം

തിരുവനന്തപുരം: 50 കോടി രൂപയ്ക്കുമേൽ വാർഷിക വിറ്റുവരവുള്ളവർക്ക് ഏപ്രിൽ ഒന്നുമുതൽ ഇ-ഇൻവോയിസ് നിർബന്ധമാക്കി കേന്ദ്ര ധനമന്ത്രാലയം. ജി.എസ്.ടി കൗൺസിലിന്റെ നിർദേശാനുസരണം ജി.എസ്.ടി നിയമത്തിൽ ഭേദഗതിവരുത്തിയാണ് ഉത്തരവിറക്കിയത്. നിർദേശം ബാധകമായ വ്യാപാരികൾ നികുതി ബാദ്ധ്യതയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും ഇ-ഇൻവോയിസ് നൽകണം. വ്യാപാരി നൽകുന്ന ക്രെഡിറ്റ്/ ഡെബിറ്റ് നോട്ടുകൾക്കും ഇതുബാധകമാണ്.

ഇവർ ചരക്കുനീക്കത്തിന് മുമ്പേ ഇ-ഇൻവോയിസ് നടത്തണം. ഇതിന് ജി.എസ്.ടി കോമൺ പോർട്ടൽ വഴിയോ https://einvoice1.gst.gov.in വഴിയോ ഇ-ഇൻവോയിസ് രജിസ്‌ട്രേഷൻ എടുക്കാം. ഇ-വേ ബിൽ പോർട്ടലിൽ രജിസ്‌ട്രേഷനുള്ള വ്യാപാരികൾക്ക് ഇ-വേ ബിൽ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് ഇ-ഇൻവോയിസ് പോർട്ടലിൽ ലോഗിൻ ചെയ്യാം. എ.പി.ഐ ഇന്റഗ്രേഷൻ വഴിയോ ഓഫ്‌ലൈൻ ടൂൾ ഉപയോഗിച്ചോ വ്യാപാരികൾക്ക് ഇ-ഇൻവോയിസ് നടത്താം.
വ്യാപാരി ഇ-ഇൻവോയിസ് നൽകിയില്ലെങ്കിൽ സ്വീകർത്താവിന് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് കിട്ടില്ല. ജി.എസ്.ടി ബാധകമല്ലാത്ത ചരക്കുകൾക്ക് ഇ-ഇൻവോയിസ് വേണ്ട. സെസ് യൂണിറ്റുകൾ, ഇൻഷ്വറൻസ്, എൻ.ബി.എഫ്.സി അടക്കമുള്ള ബാങ്കിംഗ് മേഖല, ഗുഡ്‌സ് ട്രാൻസ്‌പോർട്ടിംഗ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്‌പോർട്ട് സർവീസ്, മൾട്ടിപ്ലെക്‌സ് സിനിമ മേഖലകളെ ഇ-ഇൻവോയിസിൽ നിന്നൊഴിവാക്കി.