
പോത്തൻകോട്: പണിമൂല ദേവീ ക്ഷേത്രത്തിൽ പശുവിനെ ദാനം ചെയ്തു. ക്ഷേത്രത്തിലെ മുൻ ഖജാൻജി പരേതനായ ആർ. രവീന്ദ്രൻ നായരുടെ മകൻ ബാലഗോപാലൻ ക്ഷേത്രത്തിൽ സമർപ്പിച്ച പശുക്കിടാവിനെയാണ് ക്ഷീരകർഷകന് ദാനം ചെയ്തത്. ക്ഷേത്രത്തിൽ ഇത്തരത്തിൽ ലഭിക്കുന്ന പശുക്കളെ വളർത്താൻ വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ നിന്നും നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ക്ഷീര കർഷകർക്കാണ് പശുക്കളെ നൽകുന്നത്. ലഭിക്കുന്നയാൾ പശുവിനെ വളർത്തി ആദ്യം പ്രസവിക്കുന്ന ഒരു പശുക്കുട്ടിയെ ക്ഷേത്രത്തിൽ നൽകണം. അതിനുശേഷമേ പശുവിനെ മറ്റാർക്കെങ്കിലും കൈമാറ്റം ചെയ്യാൻ പാടുള്ളു.
45 പേർ രജിസ്റ്റർ ചെയ്തതിൽ നിന്നും ചെന്നിരുവിള ആർ. രവീന്ദ്രൻ നായർക്കാണ് നറുക്കു വീണത്. കഴിഞ്ഞ ദിവസം ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പശുവിനെ ദാനം ചെയ്തു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ, പണിമൂല ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് ഗോപിമോഹനൻ, സെക്രട്ടറി ആർ.ശിവൻ കുട്ടിനായർ, മേൽശാന്തി കൃഷ്ണപ്രസാദ്, ജോയിന്റ് സെക്രട്ടറി വിജയകുമാരൻ നായർ, പണിമൂല എൻ.എസ്.എസ് കരയോഗം സെക്രട്ടറി രവീന്ദ്രൻ നായർ, ട്രസ്റ്റ് വൈസ് പ്രസിഡന്റ് നാരായണൻ നായർ, ഖജാൻജി മണികണ്ഠൻ നായർ, ഇടത്തറ ഭാസി തുടങ്ങിയവർ പങ്കെടുത്തു.