
തിരുവനന്തപുരം: അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സി.പി.ഐ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ജില്ലകളിൽ നിന്നുള്ള ശുപാർശകൾ സംസ്ഥാന സെന്ററിലെത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ പറവൂരിൽ സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വത്തിന്റെ മകൾ കൂടിയായ അഡ്വ. സൂര്യ ബിനോയ്, രമ ശിവശങ്കരൻ, നാട്ടികയിൽ സിറ്റിംഗ് എം.എൽ.എ ഗീത ഗോപി, സി.സി. മുകുന്ദൻ, സജിത അനിൽ എന്നീ പേരുകളാണ് നൽകിയിരിക്കുന്നത്.കൊല്ലം ചടയമംഗലത്തേക്ക് ജെ. ചിഞ്ചുറാണിയെയും ആലപ്പുഴ ഹരിപ്പാട്ടേക്ക് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ. സജിലാലിനെയും മാത്രമാണ് പുതുതായി നിർദ്ദേശിച്ചിരിക്കുന്നത്.
സംസ്ഥാന കൗൺസിലിൽ ഉയർന്ന വിമർശനങ്ങളെ തുടർന്ന്, വനിതാ, യുവജന പ്രാതിനിദ്ധ്യം കൂടി പരിഗണിച്ചുള്ള പട്ടിക നൽകാൻ സംസ്ഥാന സെന്റർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പട്ടിക കൈമാറിയത്.