1

ശ്രീകാര്യം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണം അട്ടിമറിക്കാൻ ബി.ജെ.പിയും കോൺഗ്രസും പലവിധ അവിശുദ്ധ കൂട്ടുകെട്ടുകളും ഇടപെടലുകളുമായി ഒളിഞ്ഞും തെളിഞ്ഞും രംഗത്ത് വരുമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫ് കഴക്കൂട്ടം മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ശ്രീകാര്യം ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ തകർക്കാൻ കോർപറേറ്റുകൾ പണമൊഴുക്കി രംഗത്തു വന്നുകഴിഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ബി.ജെ.പിയില്ലാത്ത നിയമസഭയാണ് വിഭാവന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം വി.പി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് മണ്ഡലം കൺവീനർ ശ്രീകാര്യം അനിൽ സ്വാഗതം പറഞ്ഞു. സി.പി.എം നേതാക്കളായ ആനത്തലവട്ടം ആനന്ദൻ, ആനാവൂർ നാഗപ്പൻ, സി. അജയകുമാർ, വി. ജയപ്രകാശ്, പട്ടം വാമദേവൻ നായർ, വി.എസ്. പദ്മകുമാർ, സി. ലെനിൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ചന്തവിള മധു, കോൺഗ്രസ് എസ് നേതാവ് പ്രസന്നകുമാർ, ജനതാദൾ-എസ് മണ്ഡലം പ്രസിഡന്റ് എസ്. മണിലാൽ എന്നിവർ പങ്കെടുത്തു.