m

തിരുവനന്തപുരം: ദുരൂഹ മരണങ്ങളുടെ കാണാപ്പുറം തേടുന്ന പുരോഹിതൻ നേരിടുന്ന അസാധാരണ വെല്ലുവിളികൾ. കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയ മമ്മൂട്ടി നായകനായ 'ദി പ്രീസ്റ്റ്' പ്രേക്ഷകനെ മുൾമുനയിൽ നിറുത്തുന്നതിനൊപ്പം ത്രസിപ്പിക്കുകയും ചെയ്യുന്നു. പുതുമുഖത്തിന്റെ പരിമിതികൾ മറികടന്ന് സംവിധായകൻ ജോഫിൻ ടി ചാക്കോ ഒരുക്കിയ ചിത്രം പ്രേക്ഷകർക്ക് പ്രിയങ്കരമായി.

ഒരു കുടുംബത്തിലെ അസാധാരണ മരണങ്ങളിലെ ദുരൂഹത അന്വേഷിക്കാനാണ് ഫാദർ കാർമെൻ ബെനഡിക്ട് എന്ന മമ്മൂട്ടിയുടെ കഥാപാത്രം എത്തുന്നത്. മരണങ്ങളുടെ മറനീക്കുമ്പോൾ, കുറ്റകൃത്യങ്ങളും അസാധാരണ വെല്ലുവിളികളും പ്രതിസന്ധികളും അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിവരുന്നു. അതിനെയെല്ലാം നേരിടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പൂർണമായും കുറ്റാന്വേഷണത്തിലൂന്നിയാണ് ചിത്രത്തിന്റെ ആദ്യ പകുതി സഞ്ചരിക്കുന്നത്. ഹൊറർ പശ്ചാത്തലത്തിലാണ് രണ്ടാം പകുതി മുന്നേറുന്നത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. നിഖില വിമൽ, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും കഥാപാത്രങ്ങളായി തിളങ്ങി. ബേബി മോണിക്ക എന്ന ബാലതാരം സിനിമയിലുടനീളം നിറഞ്ഞു നിൽക്കുകയാണ് . അഖിൽ ജോർജിന്റെ ഛായാഗ്രഹണം, രാഹുൽ രാജിന്റെ സംഗീതം, ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ് എന്നിവ സിനിമയെ മനോഹരമാക്കി.

''ഇത് മലയാള സിനിമയുടെ വിജയമാണ്. ഒരു വർഷത്തോളമാണ് റിലീസിംഗ് നീണ്ടുപോയത്. ഒരുപാട് ടെൻഷനടിച്ചു. സിനിമയുടെ ഭാഗമായവരെല്ലാം നല്ല പിന്തുണ നന്നു. ഏറ്റവും കൂടുതൽ ധൈര്യം പകർന്നത് മമ്മൂക്കയായിരുന്നു''

-ആന്റോ ജോസഫ്,

നിർമ്മാതാവ്