
തിരുവനന്തപുരം: പോളിംഗ് ബൂത്തുകളിലും പരിസര പ്രദേശങ്ങളിലും ആൾകൂട്ടം നിയന്ത്റിക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊലീസ് ക്രമീകരണങ്ങൾ വിലയിരുത്താൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നാലിൽ കൂടുതൽ പോളിംഗ് ബൂത്തുകളുള്ള പോളിംഗ് സ്റ്റേഷനുകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. കൊവിഡ് മാനദണ്ഡങ്ങൾ ബൂത്തുകളിൽ കർശനമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും കളക്ടർ പറഞ്ഞു. സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയൽ, ഡി.സി.പി വൈഭവ് സക്‌സേന, എ.എസ്.പി സേവ്യർ സെബാസ്റ്റ്യൻ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ മാത്യു കുര്യൻ, കോസ്റ്റൽ പൊലീസ്, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.