adarsha

കൊല്ലം: വധശ്രമം, അടിപിടി, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകളിൽ പ്രതികളായ രണ്ടുപേരെ കാപ്പാനിയമപ്രകാരം ഇരവിപുരം പൊലീസ് പെരുമ്പുഴയിൽ നിന്ന് അറസ്റ്റ് ചെയ്തു. പുന്തലത്താഴം പെരുങ്കുളം നഗർ ചരുവിള വീട്ടിൽ ആദർശ് (27), വടക്കേവിള പാട്ടത്തിൽ കാവ് നഗർ 130 സി.ആർ. ലാൽ ഹൗസിൽ മനു റൊണാൾഡ് (27) എന്നിവരാണ് പിടിയിലായത്. കൊലപാതകശ്രമം, മയക്കുമരുന്ന് വ്യാപാരം, മോഷണം, കവർച്ച, ആയുധം കൊണ്ട് ആക്രമിക്കൽ, ഭീഷണിപ്പെടുത്തി കവർച്ച, തട്ടിക്കൊണ്ടുപോകൽ, കുട്ടികൾക്കെതിരായ ലൈംഗിക പീഡനം തുടങ്ങിയ പന്ത്രണ്ടോളം കുറ്റകൃത്യങ്ങളിൾ ഇവർ ഉൾപ്പെട്ടിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ടി. നാരായണന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ ബി. അബ്ദുൽനാസർ ഇവർക്കെതിരെ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. കാപ്പാ നോഡൽ ഓഫീസർ കൂടിയായ സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി എസ്.വൈ. സുരേഷ്, കൊല്ലം എ.സി.പി ആർ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇരവിപുരം ഇൻസ്‌പെക്ടർ പി.എസ്. ധർമ്മജിത്ത്, എസ്.ഐമാരായ എസ്.എസ്. ദീപു, സൂരജ് ഭാസ്‌ക്കർ, എസ്. സന്തോഷ്, സി.പി.ഒമാരായ ബിനു വിജയ്, അഖിൽ, സന്ദീപ്, ശിവകുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ കരുതൽ തടങ്കലിലാക്കിയത്.