
തളിപ്പറമ്പ്: വൃദ്ധയെ മർദ്ദിച്ച് അവശയാക്കി ഒരു പവൻ സ്വർണ വള അപഹരിച്ച സംഭവത്തിൽ തേർത്തല്ലി സ്വദേശി സിബി വർഗീസിനെ(58) എടക്കോത്ത് വച്ച് തളിപ്പറമ്പ് എസ് .എച്ച്. ഒ വി.ജയകുമാർ അറസ്റ്റ് ചെയ്തു.അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഒരു കവർ ബിസ്ക്കറ്റുമായി ചാണോക്കുണ്ട് പുറത്തോട്ടിൽ ഒറ്റക്ക് താമസിക്കുന്ന 71 കാരിയുടെ വീട്ടിലെത്തിയാണ് സിബി വർഗീസ്
ആക്രമണവും മോഷണവും നടത്തിയത്.
പൊലീസ് സംഘം വീട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബിസ്ക്കറ്റ് കവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇത് പ്രതിയിലേക്കെത്താൻ സഹായകമായത്. ബേക്കറിയിലെ സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഈയാൾ പിടിയിലായത്. സംഭവത്തിന് ശേഷം വയനാട്ടിലേക്ക് രക്ഷപ്പെട്ട പ്രതിയെ തേടി പൊലീസ് അവിടെ എത്തിയെങ്കിലും ഇയാൾ എടക്കോത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഇവിടെ വച്ചാണ് അറസ്റ്റ് ചെയ്തത്.
ഭാര്യയുമായി പിണങ്ങിക്കഴിയുന്ന സിബി വർഗീസിന് രണ്ട് പെൺമക്കളുണ്ട്. മറ്റൊരു സ്ത്രീയൊടൊപ്പം താമസിച്ച് വരികയായിരുന്നു ഈയാൾ. വിൽപ്പന നടത്തിയ സ്വർണവള പൊലീസ് കണ്ടെടുത്തു. സിബി യുടെ അക്രമത്തിൽ പരിക്കേറ്റ വീട്ടമ്മ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.