kiran

തൃശൂർ: ധൻബാദ് ആലപ്പി ട്രെയിനിൽ നിന്നും 13 കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി അറസ്റ്റിൽ. എറണാകുളം ചേരാനെല്ലൂർ സ്വദേശി മുണ്ടകപ്പാടൻ വീട്ടിൽ കിരൺ (27) ആണ് അറസ്റ്റിലായത്. തൃശൂർ എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ ടി.ആർ. ഹരിനന്ദനനും സംഘവും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് ധൻബാദ് ആലപ്പി ട്രെയിനിൽ നിന്നും 13 കിലോ കഞ്ചാവുമായി ഇയാൾ പിടിയിലായത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻതോതിൽ കഞ്ചാവ് ശേഖരിക്കുന്നതിനായി ഇയാൾ ആന്ധ്രയിലെ വിശാഖപട്ടണം കേന്ദ്രീകരിച്ച് കഞ്ചാവ് കടത്ത് നടത്തി വരികയായിരുന്നു. വിശാഖപട്ടണത്തെ നരസിപട്ടണം എന്ന സ്ഥലത്ത് മലയാളികളായ ഇടനിലക്കാർ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് ശേഖരിച്ച് വച്ചിരിക്കുന്നതായി പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. നൂറോളം മലയാളികൾ വിശാഖ പട്ടണം കേന്ദ്രീകരിച്ച് കഞ്ചാവ് ശേഖരിക്കുന്നതിനായി വിവിധ ലോഡ്ജുകളിൽ തങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

തൃശൂരിലെ കുട്ടു എന്ന് പേരുള്ള ഒരാളാണ് തനിക്ക് കഞ്ചാവ് തന്നതെന്ന് പ്രതി വെളിപ്പെടുത്തി. ഈ അടുത്ത കാലത്ത് ആന്ധ്രയിൽ വൻ കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവയുമായി പിടിയിലായ തൃശൂർ സ്വദേശി തന്നെയാണ് കുട്ടു എന്ന വിളിപ്പേരിൽ അറിയപ്പെടുന്നതെന്നാണ് എക്‌സൈസ് നിഗമനം. പ്രതിയെ പിടികൂടിയ സംഘത്തിൽ ആർ.പി.എഫ് എസ്.ഐ ഗിരീഷ് കുമാർ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഹരീഷ് സി.യു ,സജീവ് കെ.എം, സുനിൽ ജെയ്‌സൻ , രാജു ,സനീഷ് ,ബിബിൻ ചാക്കോ , അനിൽ പ്രസാദ് ,അബ്ദുൾ റഫീക്ക്, റെയിൽവേ പോലീസ് അംഗങ്ങൾ എന്നിവർ ഉണ്ടായിരുന്നു.