cartoon

നേമം കടങ്കഥ:

എം.പി അല്ല. മറ്രൊരു മണ്ഡലത്തിൽക്കൂടി മത്സരിക്കുന്നയാളല്ല. ദുർബലനല്ല. എങ്കിൽ ആര്?

 81 സീറ്റിൽ തീരുമാനമായെന്ന്  തർക്കം 10 സീറ്റിൽ

തിരുവനന്തപുരം: പട്ടികയായി; പ്രഖ്യാപിക്കാറായില്ല. 81 സീറ്റിൽ സ്ഥാനാർത്ഥികളായി; പേരു പറയില്ല! സ്ഥാനാർത്ഥി നിർണയത്തിന് ഡൽഹിയിൽ അഞ്ചു ദിവസം തുടർന്ന അഖണ്ഡ ചർച്ചകളിലും അന്തിമ ധാരണയിലെത്താനാകാതെയും, നേമത്തെ കടങ്കഥയുടെ കുരുക്കിൽ സ്വയം മുറുകിയും കോൺഗ്രസ്.

മത്സരിക്കുന്ന 91 സീറ്റുകളിൽ, തർക്കമുള്ള പത്തിടത്തു കൂടി തീരുമാനമായതിനു ശേഷം സമ്പൂർണ പട്ടിക നാളെ പ്രഖ്യാപിക്കാമെന്നാണ് ഇന്നലെ വൈകിട്ട് ഡൽഹിയിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗത്തിലെ ധാരണ. തീരുമാനമായതായി പറയുന്ന സീറ്റുകളിലെ മുഖങ്ങളും അതുവരെ കാണാമറയത്ത്. തുടർചർച്ചകൾക്കായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ തുടരുമ്പോൾ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഇന്നു മടങ്ങിയെത്തും.

എൺപത്തിയൊന്ന് സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഒരു മണിക്കൂറിനകം ഏകകണ്ഠമായി തീരുമാനിച്ചതായി സമിതി യോഗത്തിനു ശേഷം മുല്ലപ്പള്ളി പറഞ്ഞെങ്കിലും, പേരുകൾ വെളിപ്പെടുത്തിയില്ല. ബി.ജെ.പിയുടെ ഏക സീറ്റായ നേമത്ത്, പാർട്ടിയുടെ തുറുപ്പുചീട്ട് ആരായിരിക്കുമെന്നതിനെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇന്നലെയും നേതാക്കൾ നൽകിയത് ഉരുളൻ മറുപടികൾ. ഇതോടെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് അണികളിലും ആശയക്കുഴപ്പമേറി.

സ്ഥാനാർത്ഥികളെ നേരത്തേ തീരുമാനിക്കുമെന്ന് നേതൃത്വം പ്രഖ്യാപിച്ചിട്ടും കാര്യത്തോടടുക്കുമ്പോൾ എല്ലാം പഴയപടിയാകുന്നതിൽ പാർട്ടിയിലും ആശങ്കയും അമർഷവും ശക്തമാണ്. 81ഇടത്ത് തീരുമാനമായെന്ന നേതൃത്വത്തിന്റെ അവകാശവാദത്തിലും അണികൾക്ക് സംശയമുണ്ട്. ഇന്നലെ പത്രികാസമർപ്പണം തുടങ്ങിയിട്ടും, പ്രാഥമിക പട്ടിക പോലും പുറത്തിറക്കാത്തതാണ് കാരണം. പുറത്തുവന്ന സാദ്ധ്യതാ പേരുകളെച്ചൊല്ലി പലേടത്തും പരസ്യപ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത് നേതൃത്വത്തെയും അങ്കലാപ്പിലാക്കുന്നു.

ആ കരുത്തൻ

ആരാകും?

നേമം പിടിക്കാൻ കരുത്തനെ ഇറക്കുമെന്ന് ഇന്നലെ രാത്രിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിച്ചു. എം.പിമാർ മത്സരിക്കില്ലെന്നും, ഒരാൾ രണ്ടിടത്ത് ജനവിധി തേടില്ലെന്നും നേതൃത്വം വ്യക്തമാക്കിയത്, ഉമ്മൻ ചാണ്ടി, കെ. മുരളീധരൻ, ശശി തരൂർ, രമേശ് ചെന്നിത്തല തുടങ്ങിയ പേരുകളൊന്നും നേമത്ത് പരിഗണിക്കപ്പെടില്ല എന്നതിനു സൂചനയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അതേസമയം, അവസാനനിമിഷം ഇവരിലാരെങ്കിലും തന്നെ വന്നേക്കാമെന്ന അഭ്യൂഹങ്ങളും ഒഴിയുന്നില്ല.

സീറ്റ് വിഭജനത്തിൽ

അന്തിമധാരണ

യു.ഡി.എഫിലെ സീറ്റ് വിഭജനത്തിൽ അന്തിമധാരണയായി. മുസ്ലിംലീഗിന് കൂത്തുപറമ്പിനു പുറമേ പേരാമ്പ്രയും കോങ്ങാടും അധികം നൽകി. ബാലുശ്ശേരിക്കു പകരം കുന്ദമംഗലം കൊടുത്തു. പുനലൂരും ചടയമംഗലവും വച്ചുമാറാനുള്ള നീക്കം ഉപേക്ഷിച്ചതിനാൽ ലീഗ് പുനലൂരിൽത്തന്നെ മത്സരിക്കും. ആർ.എസ്.പിക്ക് കയ്പമംഗലത്തിന് പകരം മട്ടന്നൂർ.

കേരള കോൺഗ്രസ്- ജോസഫിന് പത്താമത് സീറ്റായി തൃക്കരിപ്പൂർ അനുവദിച്ചെങ്കിലും, അതേച്ചൊല്ലി കാസർകോട് ഡി.സി.സിയിൽ പ്രതിഷേധം ശക്തമാണ്. ജനതാ- ജോൺ ജോൺ വിഭാഗത്തിന് മലമ്പുഴയും ഫോർവേഡ് ബ്ലോക്കിന് ധർമ്മടവും നൽകി. എന്നാൽ ധർമ്മടത്ത് മത്സരിക്കാനില്ലെന്നാണ് ഫോർവേഡ് ബ്ലോക്കിന്റെ നിലപാട്. സി.എം.പിക്ക് നെന്മാറയാണ്. വടകരയിൽ ആർ.എം.പിയെ തുണയ്ക്കും. പാലായ്ക്കു പുറമേ എലത്തൂരും മാണി സി.കാപ്പന്റെ എൻ.സി.കെയ്ക്കു നൽകി.