
തിരുവനന്തപുരം: സി.പി.എം പ്രവർത്തകരുടെ പരസ്യപ്രതിഷേധം അരങ്ങേറിയ കുറ്റ്യാടിയിൽ ഇന്നലെ എതിർസ്വരങ്ങൾ ഉയർന്നില്ല. കേരള കോൺഗ്രസ്-എമ്മിന് വിട്ടുകൊടുത്തതിനെതിരെയായിരുന്നു പ്രതിഷേധം. കുറ്റ്യാടി മണ്ഡലം മാണിഗ്രൂപ്പിന് വിട്ടുകൊടുത്ത തീരുമാനം മാറ്റില്ലെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കി. എല്ലാം രമ്യമായി പരിഹരിക്കുമെന്നാണ് ജോസ് കെ.മാണിയുടെ പ്രതികരണം. മുഹമ്മദ് ഇഖ്ബാൽ സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം സമൂഹമാദ്ധ്യമങ്ങളിലുണ്ടായി. സി.പി.എം നേതൃത്വവുമായി അവസാനവട്ട ചർച്ച നടത്തി തീരുമാനിക്കാനാണ് ജോസിന്റെ നീക്കം. നേതൃത്വത്തിനെതിരെ പ്രവർത്തകരുടെ അമർഷം തുടരവേ നാളെ (ഞായർ) കുറ്റ്യാടിയിൽ സി.പി.എം രാഷ്ട്രീയ വിശദീകരണയോഗം നടത്തുന്നുണ്ട്. മാണിഗ്രൂപ്പിന്റെ തീരുമാനത്തിനനുസരിച്ചിരിക്കും ഭാവികാര്യങ്ങൾ. അവർ കുറ്റ്യാടി സി.പി.എമ്മിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചാൽ അത് പാർട്ടിക്ക് ആശ്വാസമായേക്കാം.
സി.പി.ഐയുടെ നാല് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. അവശേഷിക്കുന്ന ദേവികുളത്തെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ സി.പി.എം ഇന്നലെയും അന്തിമതീരുമാനമെടുത്തിട്ടില്ല. കോൺഗ്രസ് പട്ടിക നോക്കി തീരുമാനിക്കാനാണ് നീക്കം.