
തിരുവനന്തപുരം: ആരോഗ്യമുള്ള ഭാവിക്ക് ആധുനിക ചികിത്സാരീതികൾക്കൊപ്പം പരമ്പരാഗത മരുന്നുകളും ആവശ്യമാണെന്ന് ലോകം മനസിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
വെർച്വൽ ആയി നടക്കുന്ന നാലാം ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊവിഡ് പ്രതിസന്ധിയിൽ ആയുർവേദത്തിനും പരമ്പരാഗത വൈദ്യത്തിനും ലോക രാജ്യങ്ങളിൽ കൂടുതൽ പ്രാധാന്യം ലഭിച്ചു. ആയുർവേദത്തിന് ഇന്ത്യൻ സംസ്‌കാരത്തോടും പ്രകൃതിയോടും അഭേദ്യ ബന്ധമുണ്ട്. ആയുർവേദം സമഗ്ര മനുഷ്യ ശാസ്ത്രമാണ്. മഞ്ഞൾ, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ ആവശ്യം ലോകത്ത് വർദ്ധിക്കുകയാണ്. ഇത് ആയുർവേദത്തിന് വളരാനുള്ള മികച്ച അവസരമാണ്.
'വെൽനസ് ടൂറിസമാണ്' (ആരോഗ്യ ടൂറിസം) ഇന്ത്യ നൽകുന്നത്.രോഗം മാറാൻ മാത്രമല്ല കൂടുതൽ ക്ഷേമത്തിനായുള്ള ചികിത്സയാണു വെൽനസ് ടൂറിസം. ഇത് രാജ്യത്തിന് വലിയൊരു അവസരമാണ്. അത് കൈവിടരുത്. ആയുർവേദത്തെ ആധുനിക ശാസ്ത്രവുമായി ചേർത്ത് ഗവേഷണം നടത്താനും യുവാക്കൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനുമുള്ള സാഹചര്യമുണ്ട്. ഇതിന് കേന്ദ്ര സർക്കാർ പിന്തുണ നൽകും. ദേശീയ ആയുഷ് മിഷൻ ആയുർവേദത്തിന്റെ പ്രാധാന്യമാണ് കാട്ടുന്നത്. ലോകാരോഗ്യ സംഘടന പരമ്പരാഗത വൈദ്യ ശാസ്ത്രത്തിനായി ഒരു ആഗോള കേന്ദ്രം ഇന്ത്യയിൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലോക രാജ്യങ്ങളിലെ വിദ്യാർത്ഥികൾ ആയുർവേദം പഠിക്കാൻ ഇന്ത്യയിൽ എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു..
എട്ട് ദിവസം നീളുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെലിൽ 25ലേറെ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ പങ്കെടുക്കുന്നുണ്ട്.
സമ്മേളനത്തിൽ ആയുഷ് മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി കിരൺ റിജിജു, കേന്ദ്ര സഹമന്ത്രിയും സംഘാടക സമതി ചെയർമാനുമായ വി. മുരളീധരൻ എന്നിവരും പങ്കെടുത്തു.