rehman

ആലുവ: കുന്നത്തേരി എലഞ്ഞികുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ആലുവ കുന്നത്തേരി ദാറുസലാം തോട്ടത്തിൽ പറമ്പിൽ മുജീബിന്റെ മകൻ അബ്ദുൾ റഹ്മാൻ (13), കുന്നത്തേരി ആലുങ്കപ്പറമ്പിൽ ഫിറോസിന്റെ മകൻ ഫർദീൻ (കുഞ്ഞൂസ് - 13) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കളമശേരി നഗരസഭ പരിധിയിലുള്ള കുളം അടുത്തിടെയാണ് നവീകരിച്ചത്. തുടർന്ന് പരിസരവാസികളായ കുട്ടികൾ ഇവിടെ കുളിക്കുന്നതിനും നീന്തുന്നതിനും എത്തുമായിരുന്നു. ഇന്നലെ പത്തോളം കുട്ടികൾ ചേർന്നാണ് കുളിക്കാനിറങ്ങിയത്‌. ഇതിനിടയിൽ നീന്തലറിയാമെങ്കിലും ഇരുവരും ചെളിയിൽ പുതഞ്ഞു പോകുകയായിരുന്നു. നാട്ടുകാർ ആദ്യം അബ്ദുൾ റഹ്മാനെ മുങ്ങിയെടുത്ത് അശോകപുരം കാർമ്മൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്ത് മിനിറ്റിന് ശേഷം ഫർദീനെയും കണ്ടെത്തി. ഉടൻ ആലുവ കാരോത്തുകുഴി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്ന് ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഫർദീൻ തായിക്കാട്ടുകര ഐഡിയൽ സ്കൂളിലും അബ്ദുറഹ്മാൻ ആലുവ ഇസ്ലാമിക് സ്കൂളിലും എട്ടാം ക്ളാസ് വിദ്യാർത്ഥികളായിരുന്നു. സജിതയാണ് ഫർദീന്റെ മാതാവ്. പിതാവ് ഫിറോസ് ഖത്തറിലാണ്. സഹോദരങ്ങൾ: അഫ്രിന, ഹൻസ, ഹിബ.

സൗദയാണ് അബ്ദുറഹ്മാന്റെ മാതാവ്. പിതാവ് മുജീബ് പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപം ഹോട്ടൽ നടത്തുകയാണ്. സഹോദരങ്ങൾ: അമർ റഹ്മാൻ, നസ്രിൻ.