
കുളത്തൂർ: ആപകടങ്ങൾ തുടർക്കഥയായി വീണ്ടും ആക്കുളം ബൈപ്പാസിലെ മുക്കോലയ്ക്കൽ ജംഗ്ഷൻ. ഇവിടെ തിരക്കും അപകടങ്ങളും കുറയ്ക്കാൻ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ വേണ്ടത്ര ഫലവത്തായില്ല. ഗതാഗത നിയന്ത്രണത്തിനായി സിഗ്‌നൽ സംവിധാനം ഏർപ്പെടുത്തിയിട്ടും ചെറുതും വലുതുമായ 12 റോഡുകൾ വന്നുചേരുന്ന ഈ ജംഗ്‌ഷനിൽ എത്തുന്ന യാത്രക്കാർക്ക് ആകെ ആശങ്കയാണ്. സിഗ്‌നൽ ലഭിച്ചാലും എങ്ങോട്ട് തിരിയണമെന്നറിയാതെ നട്ടംതിരിയുകയാണ് വാഹനയാത്രക്കാർ.
സർവീസ് റോഡുകൾ വഴി ജംഗ്‌ഷനിലെത്തുന്ന വാഹനങ്ങൾ യാതൊരു നിയന്ത്രണമില്ലാതെയാണ് വിവിധ ഭാഗങ്ങളിലേക്ക് തിരിയുന്നത്. ഇവിടെ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കുക എന്നതും വലിയൊരു പ്രതിസന്ധിയാണ്. റോഡുമുറിച്ച് കടക്കാൻ വളരെ നേരം കാത്തിരിക്കേണ്ടി വരുമെന്നതും കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കഴക്കൂട്ടം - ആറ്റിൻകുഴി, ഗുരുനഗർ - സ്റ്റേഷൻകടവ്, തോട്ടുംമുഖം - മുക്കോലയ്ക്കൽ, കുളത്തൂർ - മുക്കോലയ്ക്കൽ തുടങ്ങിയ ഭാഗങ്ങളിൽ നിന്നെത്തുന്ന കെ.എസ്.ആർ.ടി.സി, ഐ.എസ്.ആർ.ഒ ബസുകളും സർവീസ് റോഡുകൾ വഴിയെത്തുന്ന വാഹനങ്ങളും ജംഗ്‌ഷനിലെത്തുന്നതോടെ വാഹനങ്ങളുടെ നീണ്ടനിരയാണ് ഇവിടെ അനുഭവപ്പെടുന്നത്. പ്രധാന റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ പെട്ടെന്ന് ഇരുഭാഗത്തെയും സർവീസ് റോഡുകളിലേക്ക് തിരിയുന്നതും അമിത വേഗതയും മിക്കപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
നാല് മാസത്തിനുള്ളിൽ ഇവിടെ അപകടത്തിൽപ്പെട്ടത് - 16 വാഹനങ്ങൾ
നിയന്ത്രണത്തിനും സുരക്ഷയ്ക്കും പൊലീസുകാരില്ല
പട്രോളിംഗ് ശക്തമാക്കണം
തിരുവനന്തപുരം നഗരത്തിലേക്ക് അമിത വേഗതയിലെത്തുന്ന കണ്ടെയ്നർ ലോറികൾ മറ്ര് വാഹനങ്ങൾക്ക് പേടിസ്വപ്നമാണ്. ഹൈവേ പൊലീസ് പട്രോളിംഗ് ശക്തമാക്കി അമിത വേഗതിയിലെത്തുന്ന വാഹനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ. ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നട്ടെല്ലിനും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചോളം യാത്രക്കാർക്ക് സാരമായി പരിക്കേറ്റിരുന്നു.