
പെരുമ്പാവൂർ: നാൽപ്പത്തൊന്നു വർഷം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഓർമ്മകൾ മായ്ക്കാതെ പെരുമ്പാവൂർ കീഴില്ലം കനാൽ പാലത്തിലെ ചുവരെഴുത്ത് ഇന്നും മങ്ങലേൽക്കാതെ നിൽക്കുന്നു. എ.കെ. ആന്റണിയും കെ.എം. മാണിയും എൽ.ഡി.എഫ് പക്ഷത്ത് നിന്ന 1980 ലെ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പെരുമ്പാവൂരിൽ മൽസരിച്ച എ.എ. കൊച്ചുണ്ണിയുടെ പ്രചരണാർത്ഥം എഴുതിയ ചുവരെഴുത്താണ് ഇപ്പോഴും മായാതെ നിൽക്കുന്നത്. ഇപ്പോഴത്തെ യു.ഡി.എഫ് കൺവീനർ എം.എം. ഹസന്റെ ഭാര്യാ പിതാവാണ് അന്നത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന മട്ടാഞ്ചേരി സ്വദേശിയായ എ. എ. കൊച്ചുണ്ണി. സി.പി. എമ്മിലെ പി. ആർ. ശിവനാണ് പെരുമ്പാവൂരിൽ വിജയം കൊയ്തത്.
കീഴില്ലം കുറുപ്പംപടി റൂട്ടിലെ റോഡിന് കുറുകെയുള്ള ഹൈലെവൽ കനാലിന്റെ പാലത്തിലാണ് കഴിഞ്ഞ കാലത്തെ തിരഞ്ഞെടുപ്പുകളുടെ കാലം മായ്ക്കാത്ത ഓർമ്മയായി പുതിയ തലമുറയക്ക് മുന്നിൽ ചുവരെഴുത്ത് തെളിഞ്ഞു നിൽക്കുന്നത്.
അന്ന് കൊച്ചുണ്ണിക്ക് വേണ്ടി പ്രവർത്തിക്കുകയും ചുവരെഴുത്തിനും മറ്റും കൂടെ നിൽക്കുകയും ചെയ്തിരുന്ന പാപ്പച്ചൻ ചേട്ടൻ പഴയ ചുവരെഴുത്തിനെക്കുറിച്ച് ഇപ്പോഴും ഓർക്കുന്നു.
അന്ന് പാലം പണി നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ് നടന്നത്. ഒരു ഗോവണി വച്ചിട്ട് മൂന്ന് പേർ ചേർന്നാണ് ഈ ചുവരെഴുതിയതെന്നാണ് പാപ്പൻ ചേട്ടൻ പറയുന്നു.ഒരാൾ ഗോവണിയിലും ഒരാൾ താഴെയും മറ്റൊരാൾ എഴുതാനുളള സാമഗ്രികളും മറ്റുമായി താഴെയും നിന്നാണ് ഇതെഴുതിയതത്രെ. കഴ തല്ലിയെടുത്ത് വീതിയിൽ എഴുതിയതു കൊണ്ടാണ് ഇന്നും ഇതും മായാതെ നിൽക്കുന്നതെന്നാണ് പാപ്പച്ചൻ ചേട്ടർ പറയുന്നത്.
''കൊച്ചിക്കാരാ കൊച്ചുണ്ണി, കൊച്ചിക്കായലിൽ ഒളിച്ചോളൂ'' എന്നായിരുന്നു അന്നത്തെ എതിരാളികളുടെ മുദ്രാവാക്യം. എന്നാൽ കാലം ഏറെ കടന്നു പോയിട്ടും കൊച്ചുണ്ണിയുടെ ചുവരെഴുത്ത് ഇന്നും പുതിയ തലമുറക്ക് പഴയ തിരഞ്ഞെടുപ്പിന്റെ ഓർമ്മ സൂക്ഷിക്കുവാനായി നിറഞ്ഞ് നിൽക്കുകയാണ്.