
നെയ്യാറ്റിൻകര: വികസനലക്ഷ്യം മുന്നിൽ കണ്ട് നെയ്യാറ്റിൻകര മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വീണ്ടും കെ. ആത്സലൻ. വിദ്യാർത്ഥി രാഷട്രീയത്തിലുടെയാണ് പൊതുരംഗത്തേക്കുള്ള പ്രവേശനം. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും ഏരിയ സെക്രട്ടറിയായിരുന്നു. സി.പി.എം ഏരിയാ സെക്രട്ടറി എന്ന നിലയിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും കെട്ടിട നിർമ്മാണ തൊഴിലാളി ഫെഡറേഷൻ, വ്യാപാരി വ്യവസായി സമിതി തുടങ്ങിയ സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിക്കുകയും ചെയ്തു. 2005 ൽ മണലൂരിൽ നിന്ന് നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാനായി. തുടർന്ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ രമേശ്വരം വാർഡിൽ നിന്ന് വിജയിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് സമീപം വട്ടവിള പുത്തൻവീട്ടിൽ എസ്. കരുണാകരൻ നാടാരുടെയും എൽ. തങ്കത്തിന്റെയും മകനാണ്. ഭാര്യ: ടി.ആർ പ്രമീള, മക്കൾ: കാവ്യ, കാർത്തിക്.
എത്രത്തോളം പ്രതീക്ഷയാണ് ഉള്ളത്...?
കാലങ്ങളായി കേരളത്തിൽ തുടരുന്ന മുന്നണികൾ മാറി മാറി ഭരിക്കുക എന്ന അവസ്ഥക്ക് മാറ്റം വരാൻ പോകുന്ന തിരഞ്ഞെടുപ്പാകും 2021ലെ പൊതു തിരഞ്ഞെടുപ്പ്. നെയ്യാറ്റിൻകരയിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും
എന്തായിരിക്കും മുഖ്യ പ്രചാരണ വിഷയം..?
അഴിമതിരഹിത വികസിത കേരളം എന്ന മുദ്രാവാക്യത്തിലൂന്നിയാണ് എൽ.ഡി.എഫ് സർക്കാർ 5 വർഷം പൂർത്തിയാക്കുന്നത്. 5 വർഷം മുൻപ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോൾ മുന്നോട്ട് വച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെ കുറിച്ച് വർഷം തോറും പ്രോഗ്രസ്സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച് മഹാ ഭൂരിപക്ഷവും നടപ്പാക്കാനായതും ഈ ഇലക്ഷന് വർദ്ധിച്ച ആത്മവിശ്വാസം പകരുന്ന ഘടകങ്ങളിൽ ഒന്നാണ്.
നെയ്യാറ്റിൻകരയിലും സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ നടന്നത്. സർക്കാർ വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഹൈടെക് ക്ലാസ്സ് മുറികൾ സജീകരിച്ചതോടെ കുട്ടികൾ ഒഴുകിയെത്താൻ തുടങ്ങി.ജനറൽ ആശുപത്രിയിലുൾപ്പെടെ ആരോഗ്യ മേഖലയിൽ വലിയ മാറ്റം ഉണ്ടായി. വൈദ്യുത മേഖലയിലെ അടുത്ത 25 വർഷത്തേക്കുള്ള പ്രശ്നങ്ങൾക്ക് മുൻകൂട്ടി പരിഹാരമൊരുക്കി. കുടിവെള്ള പ്രശ്നത്തിനും ശാശ്വത പരിഹാരമാകും. പ്രധാന റോഡുകൾ ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയർത്തി. ഏത് മേഖല എടുത്ത് പരിശോധിച്ചാലും വലിയ മാറ്റമാണ് 5 വർഷം കൊണ്ട് ഉണ്ടായത്
തൃപ്തിയോടെയാണോ വീണ്ടും ജനങ്ങളെ സമീപിക്കുന്നത് ?
തീർച്ചയായും. കഴിഞ്ഞ 5 വർഷം ജനങ്ങളോടൊപ്പം നിന്ന് അവരുടെ ആവശ്യങ്ങളിൽ ഇടപെട്ട് നാടിന്റെ സമഗ്ര വികസനത്തിന് വേണ്ട ഇടപെടലുകൾ നടത്തിയതിന്റെ അംഗീകാരമായാണ് വീണ്ടും മത്സരിക്കാൻ പാർട്ടിയും മുന്നണിയും നിർദ്ദേശിച്ചത്. നെയ്യാറ്റിൻകരയിലെ വോട്ടർമാർ അവരുടെ കൺമുന്നിൽ കണ്ട, അവരെ ദിവസവും സ്പർശിക്കുന്ന ഈ വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകും എന്നതിലും സംശയമില്ല
സർക്കാരിനെതിരായ വിവാദങ്ങളെ എങ്ങനെ നേരിടും.....?
എൽ.ഡി.എഫ് സർക്കാരിനെതിരെ കാര്യമായ ഒരു വിഷയവും ഉയർത്തിക്കൊണ്ട് വരാൻ കഴിയാത്ത പ്രതിപക്ഷം നിരാശാ ബോധത്തിൽ ഊഹപോഹങ്ങൾ ഉന്നയിച്ചു വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞത് പോലെ വിവാദങ്ങളുടെ പിറകെ പോകലല്ല മറിച്ച് നാടിന്റെ വികസനം മുന്നോട്ട് കൊണ്ട് പോകുക എന്നതാണ് ഞങ്ങളുടെ കർത്തവ്യം.
എൽ ഡി എഫ് തുടർ ഭരണം പ്രതിക്ഷിക്കുന്നുണ്ടോ ....?
തീർച്ചയായും... ഭരണത്തുടർച്ച ഉറപ്പാണ്.