
പേരാമ്പ്ര: പേരാമ്പ്ര സീറ്റ് ലീഗിന് നൽകാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. പേരാമ്പ്ര സീറ്റ് കോൺഗ്രസിന് ലഭിക്കണമെന്ന് പേരാമ്പ്ര നിയോജക മണ്ഡലം കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എ.ഐ.സി.സി, കെ.പി.സി.സി. നേതൃത്വങ്ങൾക്ക് കത്തയച്ചു. 1977 മുതൽ ഈ മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.
കേരള കോൺഗ്രസ് മുന്നണി മാറിയതോടെ സീറ്റ് കോൺഗ്രസിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചവരെ നിരാശയിലാക്കിയാണ് സീറ്റ് മുസ്ലിം ലീഗിന് നൽകിയതെന്നാണ് ആരോപണം. പേരാമ്പ്ര നിയമസഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമെന്ന് കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് സമയത്ത് കെ.പി.സി.സി പ്രസിഡന്റ് പേരാമ്പ്രയിൽ പരസ്യമായി പ്രഖ്യാപിച്ചതാണെന്ന നിലപാടിലാണ് കോൺഗ്രസ്.
സീറ്റ് ലീഗിന് നൽകിയതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. അതിനിടെ യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ വ്യക്തതയില്ലാത്ത പേരാമ്പ്രയിൽ പൊതു സ്വതന്ത്രന് സാദ്ധ്യത തെളിയുന്നുണ്ട്. അങ്ങനെയെങ്കിൽ വിദ്യാഭ്യാസ പ്രവർത്തകനായ സി.എച്ച്. ഇബ്രാഹിം കുട്ടി ആയിരിക്കുമോ എന്നാണ് മണ്ഡലം ഉറ്റുനോക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ ടി.പി. രാമകൃഷ്ണനോട് എറ്റുമുട്ടാൻ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം സി.എച്ച്. ഇബ്രാഹിം കുട്ടിയിലെത്തി നിൽക്കുന്നതായാണ് സൂചന. കോൺഗ്രസിലെയും ലീഗിലെയും നേതാക്കൾ മത്സരിച്ചാൽ ശക്തമായ ഗ്രൂപ്പ് പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന വിലയിരുത്തലാണ് പൊതു സ്വതന്ത്രൻ എന്ന ആശയത്തിലേക്ക് എത്തിച്ചതെന്ന് അറിയുന്നു.