fire

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ വസ്ത്രാലയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം. മെയിൻ റോഡിലെ വീ ടെക്‌സ് എന്ന തുണിക്കടയിലാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ അഞ്ചിന് പള്ളിയിലേക്ക് നിസ്‌ക്കാരത്തിനായി പോകുന്ന വ്യാപാരി സംഘടനാ പ്രവർത്തകൻ അൻവറാണ് കടയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ ഫയർ ഫോഴ്സിനെയും പൊലീസിനേയും വിവരമറിയിച്ചു. തളിപ്പറമ്പ് ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ കെ.പി. ബാലകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ സീനിയർ ഫയർ ഓഫീസർ സജീവൻ, ഫയർ ഓഫീസർമാരായ ദയാൽ, രഞ്ജു, രാജേഷ്, ഡ്രൈവർ ദിലീപ്, ഹോംഗാർഡുമാരായ മാത്യു, രാജേന്ദ്രൻ എന്നിവർ ചേർന്നാണ് തീയണച്ചത്.

തൊട്ടടുത്ത മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലിവാസ് എന്ന ഫാൻസി കടയിലേക്കും തീ പടർന്നുവെങ്കിലും ഫയർ ഫോഴ്സിന്റെ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. രാത്രിയിലായിരുന്നെങ്കിൽ മെയിൻ റോഡിൽ നിരനിരയായുള്ള കടകളിലേക്ക് തീപടർന്നുപിടിച്ച് മറ്റൊരു മിഠായിതെരുവ് തീപിടുത്തമായി ഇത് മാറുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പുതുതായി എത്തിച്ച സ്‌റ്റോക്കുകൾ ഉൾപ്പെടെയാണ് കത്തിനശിച്ചത്. അതിലുമേറെ തുണിത്തരങ്ങളാണ് തീയണക്കുന്നതിനിടെ വെള്ളത്തിൽ കുതിർന്ന് നശിച്ചതെന്ന് വീ ടെക്‌സ് ഉടമസ്ഥനായ കുറ്റിക്കോലിലെ ബി. ഷബീർ പറഞ്ഞു.

നഗരസഭാ സ്ഥിരം സമിതി ചെയർമാൻ പി.പി. മുഹമ്മദ്‌ നിസാർ, തളിപ്പറമ്പ് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. റിയാസ്, ജനറൽ സെക്രട്ടറി വി. താജുദ്ദീൻ, കുട്ടി കപ്പാലം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നഗരസഭാ ചെയർപേഴ്‌സൻ മുർഷിദ കൊങ്ങായി തീപിടുത്തമുണ്ടായ കട സന്ദർശിച്ചു.