
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക തൃണമൂൽ കോൺഗ്രസ് നേരത്തെ പുറത്തുവിട്ടിരുന്നു. 291 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാണ് തൃണമൂൽ പുറത്തുവിട്ടത്. ആകെയുള്ള 294 സീറ്റിൽ മൂന്നെണ്ണം ഘടകകക്ഷികൾക്ക് വിട്ടുനൽകി. യുവാക്കൾ, ന്യൂനപക്ഷം, സ്ത്രീകൾ, പിന്നാക്ക വിഭാഗം, സിനിമാ - കായിക താരങ്ങൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്താൽ ശ്രദ്ധേയമാണ് ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടിക.
ലിസ്റ്റിൽ 50 സ്ത്രീകളും 42 മുസ്ലിം സ്ഥാനാർത്ഥികളു 79 പട്ടികജാതിക്കാരും 17 പട്ടികവർഗക്കാരും ഉണ്ട്. 80 വയസ് പിന്നിട്ടവരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. 24 എം.എൽ.എമാർക്കും ഇത്തവണ സീറ്റ് ലഭിച്ചില്ല. പട്ടികയിലിടം നേടിയ ക്രിക്കറ്റ് താരം മനോജ് തിവാരി മുതൽ നടി ജൂൺ മാലിയ വരെയുള്ള തൃണമൂലിന്റെ ഏതാനും സെലിബ്രിറ്റി സ്ഥാനാർത്ഥികളെ നോക്കാം.
 മനോജ് തിവാരി
കഴിഞ്ഞ മാസമാണ് ക്രിക്കറ്റ് താരമായ മനോജ് തിവാരി തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ശിബ്പ്പൂർ മണ്ഡലത്തിൽ നിന്നാണ് മനോജിന് ഇത്തവണ ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനെ പ്രതിനിധീകരിക്കുന്ന മനോജ് തിവാരി ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, കിംഗ്സ് ഇലവൻ പഞ്ചാബ്, ഡൽഹി ഡെയർ ഡെവിൾസ്, റൈസിംഗ് പൂനെ സൂപ്പർജയന്റ്സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിരുന്നു.
 സായോനി ഘോഷ്
ബംഗാളി നടിയായ അസൻസോൾ സൗത്ത് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. ഗായിക കൂടിയായ 28കാരി ടെലിവിഷൻ രംഗത്ത് നിന്നാണ് സിനിമയിലേക്കെത്തിയത്. ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്ത തരത്തിലുള്ള ട്വീറ്റിന്റെ പേരിൽ സായോനി നേരത്തെ വിവാദത്തിലായിരുന്നു.
 രാജ് ചക്രബർത്തി
നടൻ, സംവിധായകൻ. കൊൽക്കത്തയിലെ ബാരക്പ്പൂർ മണ്ഡലത്തിൽ നിന്നാണ് 46കാരനായ രാജ് ചക്രബർത്തി മത്സരിക്കുന്നത്. സിനിമാ സംവിധാനത്തിലേക്ക് കടക്കുന്നതിന് മുന്നേ ബംഗാളി ടെലിവിഷൻ മേഖലയിലെ സുപരിചിതനായ നടനായിരുന്നു രാജ് ചക്രബർത്തി. അടുത്തിടെയാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.
 ജൂൺ മാലിയ
പ്രശസ്ത ബംഗാളി നടി. നിരവധി സിനിമകളിലും ടി.വി ഷോകളിലും അഭിനയിച്ചു. 1996ലാണ് 50 കാരിയായ ജൂൺ തന്റെ കരിയറിന് തുടക്കംകുറിച്ചത്. പശ്ചിമ ബംഗാൾ വനിതാ കമ്മിഷൻ അംഗമായ ജൂൺ സാമൂഹ്യപ്രവർത്തക കൂടിയാണ്. 'മേരി പ്യാരി ബിന്ദു' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മേദിനിപ്പൂർ മണ്ഡലത്തിൽ നിന്നാണ് ജൂൺ ഇത്തവണ ജനവിധി തേടുന്നത്.
 സോഹം ചക്രബർത്തി
ബാലതാരമായി ബംഗാളി സിനിമയിലെത്തി സോഹം ചക്രബർത്തി 100 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 37കാരനായ സോഹം 2014ലാണ് തൃണമൂലിൽ ചേർന്നത്. ഓൾ ഇന്ത്യ തൃണമൂൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 2016ൽ ബർജോറ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത്തവണ ചാണ്ഡിപ്പൂർ മണ്ഡലമാണ് മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
 കാഞ്ചൻ മല്ലിക്
ബംഗാളിലെ പ്രമുഖ സിനിമ, ടെലിവിഷൻ ഹാസ്യതാരങ്ങളിൽ ഒരാളാണ് 50കാരനായ കാഞ്ചൻ മല്ലിക്. 'ജനതാ എക്സ്പ്രസ്' എന്ന ടി.വി ഷോയിലൂടെ പ്രശസ്തനായി. നാടക നടൻ കൂടിയായ കാഞ്ചൻ ഉത്തർ പരാ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്.
 സായന്തിക ബാനർജി
അടുത്തിടെ പാർട്ടിയിൽ ചേർന്ന 34 കാരിയായ സായന്തികയ്ക്ക് ബാങ്കുര മണ്ഡലത്തിൽ നിന്നാണ് തൃണമൂൽ ടിക്കറ്റ് നൽകിയിരിക്കുന്നത്. നൃത്ത റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ സായന്തിക ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു.
 ലവ്‌ലി മെയ്ത്ര
ജോൽ നൂപുർ, മൊഹർ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു. സോനാർപൂർ സൗത്തിലെ സ്ഥാനാർത്ഥി ആയിട്ടാണ് 30കാരിയായ ലവ്‌ലി മെയ്ത്രയെ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുത്തിരിക്കുന്നത്.
 അദിതി മുൻഷി
ഗായിക. മാർച്ച് ആദ്യവാരമാണ് തൃണമൂലിൽ ചേർന്നത്. രാജർഹട്ട് ഗോപാൽപൂരിൽ നിന്ന് മത്സരിക്കുന്നു. കൊൽക്കത്ത സ്വദേശിനിയായ അദിതി ഭജനങ്ങളിലൂടെയാണ് പ്രശസ്തയായത്.
 ചിരൻജീത്ത് ചക്രബർത്തി
ബാരാസാത് മണ്ഡലത്തിൽ നിന്ന് രണ്ടു തവണ എം.എൽ.എ ആയ വ്യക്തിയാണ് 65 കാരനായ ചിരൻജീത്ത് ചക്രബർത്തി. ബാരാസാതിൽ നിന്ന് തന്നെയാണ് സിറ്റിംഗ് എം.എൽ.എയായ ചിരൻജീത്ത് ഇത്തവണയും അങ്കത്തിനിറങ്ങുന്നത്. 1980കൾ മുതൽ അഭിനയ രംഗത്തുള്ള ചിരൻജീത്ത് ബംഗാളി സിനിമയിലെ സുപരിചിതമായ മുഖമാണ്.
 ബിർബാഹാ ഹാൻസ്ദ
സന്താലി, ബംഗാളി സിനിമകളിലെ അഭിനേയത്രിയാണ് 37 കാരിയായ ബിർബാഹാ. ബംഗാളിലെ ഒരു സന്താലി കുടുംബത്തിലാണ് ബിർബാഹായുടെ ജനനം. ബിർബാഹായുടെ മാതാപിതാക്കൾ ബംഗാൾ നിയമസഭാംഗങ്ങൾ ആയിരുന്നു. ജർഗ്രം മണ്ഡലത്തിൽ നിന്നാണ് ബിർബാഹാ മത്സരിക്കുന്നത്.
 ബിദേശ് ബോസ്
അറിയപ്പെടുന്ന ഫുട്ബോൾ താരമായിരുന്ന ബിദേഷ് ബോസ് 1970കളിൽ മോഹൻ ബഗാൻ ടീം അംഗമായിരുന്നു. ഉലുബേരിയ ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് ബിദേശ് മത്സരിക്കുന്നത്.
 കൗശാനി മുഖർജി
നടിയും മോഡലും മുൻ മിസ് ബ്യൂട്ടി കൊൽക്കത്ത വിജയിയുമായ കൗശാനി മുഖർജി കഴിഞ്ഞ ജനുവരിയിലാണ് തൃണമൂലിൽ ചേർന്നത്. കൃഷ്ണനഗർ ഉത്തറിൽ നിന്നാണ് 28കാരിയായ കൗശാനി മത്സരിക്കുന്നത്.