niyamasabha-

അഞ്ചുവർഷം മുൻപ് നിയമസഭയിൽ കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയാൻ അന്ന് പ്രതിപക്ഷത്തായിരുന്ന ഇപ്പോഴത്തെ ഭരണപക്ഷക്കാർ നടത്തിയ അതിക്രമങ്ങളും കൈയാങ്കളിയും കേരളത്തിനു മൊത്തം നാണക്കേടുണ്ടാക്കിയ സംഭവമാണ്. നിലവിട്ട് പെരുമാറിയവരിൽ കുറച്ചുപേർക്കെതിരെ പിന്നീട് ക്രിമിനൽ കേസെടുത്തു. സഭയുടെ അന്തസിനും നിയമത്തിനും നിരക്കാത്ത അതിക്രമങ്ങൾ കാണിച്ചവരിൽ ചിലർ പിന്നീട് മന്ത്രിമാരായി. എം.എൽ.എ പദം നിലനിറുത്തിയവരുമുണ്ട്. 2016-ൽ നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ ഇടതു ജനാധിപത്യ മുന്നണി സ്വാഭാവികമായും പഴയ കാര്യങ്ങൾ മറന്നു. നേതാക്കൾക്കെതിരെ പൊലീസ് എടുത്ത കേസുകളും കാലപ്രവാഹത്തിൽ വിസ്‌മൃതമാകുമെന്നാണു കരുതിയത്. ഭരണം കൈയിലുള്ളതുകൊണ്ട് അപേക്ഷ നൽകി കേസ് അവസാനിപ്പിക്കാൻ ശ്രമിക്കാഞ്ഞിട്ടല്ല. എന്നാൽ തിരുവനന്തപുരം സി.ജെ.എം കോടതി കേസ് പിൻവലിക്കുന്നതിനെ എതിർക്കുകയും കേസിലുൾപ്പെട്ടവരുടെ വിചാരണയ്ക്കു നടപടി ആരംഭിക്കുകയും ചെയ്തത് സർക്കാരിന് വലിയ തിരിച്ചടിയായി. സി.ജെ.എം കോടതിയുടെ ഉത്തരവ് റദ്ദാക്കി കേസ് പിൻവലിക്കാൻ അനുമതി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ച് തള്ളുകയാണുണ്ടായത്. മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ ഇതോടെ വിചാരണ നേരിടേണ്ട സ്ഥിതിയാണുണ്ടായിരിക്കുന്നത്. പുതിയ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി നിൽക്കുന്ന നേതാക്കൾക്കും മുന്നണിക്കും ഏറെ അലോസരം സൃഷ്ടിക്കുന്നതാണ് കേസിലെ ഇപ്പോഴത്തെ വഴിത്തിരിവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

നിയമസഭയുടെ സവിശേഷ അധികാരാവകാശങ്ങൾ ചൂണ്ടിക്കാട്ടിയാണ് തികച്ചും അധാർമ്മികവും നിയമവിരുദ്ധവുമായ ഒരു കാര്യത്തിന് സർക്കാർ ഉദ്യമിച്ചത്. പൊതുമുതൽ നശിപ്പിച്ചതിനും കൈയേറ്റം ചെയ്തതിനും അന്തസില്ലാത്ത പെരുമാറ്റത്തിനും മറ്റുമാണ് സാമാജികർക്കെതിരെ കേസെടുത്തത്. അന്ന് സഭയിൽ നടന്ന കാളികൂളിത്തരങ്ങൾ നാട്ടുകാർ ലൈവായി കണ്ടതാണ്. സഭയുടെ മാത്രമല്ല, സ്വന്തം അന്തസിനും മാന്യതയ്ക്കും നിരക്കാത്ത പ്രവൃത്തികളാണല്ലോ അന്ന് സഭയിൽ അരങ്ങേറിയത്. സ്വയം ലജ്ജിച്ചു തലതാഴ്‌ത്തേണ്ടതിനു പകരം സാമാജികരെന്ന നിലയിൽ ഇതൊക്കെ തങ്ങളുടെ അവകാശമാണെന്നു ധരിക്കുകയും അത്തരത്തിൽ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നത് സാമാന്യബോധമുള്ള ആർക്കും അംഗീകരിക്കാനാവില്ല. സഭയുടെ അന്തസ് പാതാളത്തോളം ഇടിച്ചുതാഴ്‌‌‌ത്തിയ പ്രവൃത്തികളുടെ പേരിൽ നിയമാനുസൃതമുള്ള ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാവുകയാണു വേണ്ടത്. അധികാരത്തിന്റെ ബലത്തിൽ അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ നടത്തുന്ന ശ്രമങ്ങൾ നിയമത്തെ അവഹേളിക്കലാണ്. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങൾക്കാണ് മന്ത്രിമാർക്കും സാമാജികർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. രണ്ടുലക്ഷത്തിൽപ്പരം രൂപയുടെ വസ്തുവകകളാണ് അന്ന് അടിച്ചുതകർക്കപ്പെട്ടത്. പൊതുമുതൽ നശീകരണത്തിന് ബാധകമായ നിയമം പ്രാബല്യത്തിലുള്ളപ്പോൾ നഷ്ടം എത്ര ചെറുതായാലും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പ്രതിസ്ഥാനത്തുള്ളവർ ശിക്ഷിക്കപ്പെടാം. ഈ സംഭവത്തിൽ പ്രതിപ്പട്ടികയിൽ ചേർക്കപ്പെട്ടവർ പിന്നീട് മന്ത്രിമാരും സാമാജികരുമൊക്കെ ആയെന്നുവച്ച് അവർക്കെതിരെയുള്ള കേസ് ഇല്ലാതാക്കാനാവില്ല. നിയമത്തിനു മുമ്പിൽ വലിപ്പച്ചെറുപ്പവുമില്ല. തെറ്റു ചെയ്തവർ എത്ര ഉന്നത സ്ഥാനത്തുള്ളവരായാലും നിയമാനുസൃതം ശിക്ഷ ഏറ്റുവാങ്ങാൻ ബാദ്ധ്യസ്ഥരാണ്. നിയമത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനും ഇത് ആവശ്യമാണ്.

സ്പീക്കറുടെ അനുമതിയോടെയല്ല സാമാജികർക്കെതിരെ കേസെടുത്തതെന്ന് സർക്കാർ ഹൈക്കോടതിയിലും വാദം ഉയർത്തിയതായി കാണുന്നു. രാജ്യം ഒന്നടങ്കം ദൃക്‌സാക്ഷിയായ ഒരു സംഭവത്തിൽ അതിക്രമം കാണിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തവർക്കെതിരെ കേസെടുക്കാൻ സ്പീക്കറുടെ അനുമതി എന്തിനാണ് ? സ്പീക്കർക്കും സഭാംഗങ്ങൾക്കും ഭരണഘടന ഉറപ്പു നൽകുന്ന പ്രത്യേക അധികാരാവകാശങ്ങൾ അതിക്രമങ്ങൾ ചെയ്യാനുള്ള അവകാശമായി എങ്ങനെ വ്യാഖ്യാനിക്കാനാകും. കർത്തവ്യനിർവഹണവുമായി ബന്ധപ്പെട്ടല്ല സാമാജികർക്കെതിരെ കേസെടുത്തതെന്നത് യാഥാർത്ഥ്യമാണ്. ബഹളവും കൈയാങ്കളിയുമൊക്കെ ഇന്നത്തെ കാലത്ത് നിയമസഭകളിലും പാർലമെന്റിലുമൊക്കെ പതിവു കാര്യങ്ങളാണെന്നു സമ്മതിച്ചാൽത്തന്നെ 2015 മാർച്ച് 13-നു ബഡ്‌ജറ്റവതരണ വേളയിൽ കേരള നിയമസഭയിൽ നടന്ന സംഭവങ്ങൾ സമാനതകളില്ലാത്തതു തന്നെയാണ്. ജനങ്ങൾക്ക് മാതൃകയാകേണ്ടവരാണ് ഒരു നിലവാരവുമില്ലാതെ സഭയിൽ തോന്നിയതൊക്കെ ചെയ്യാനും കാണിക്കാനും മുതിർന്നതെന്ന് വിസ്മരിക്കരുത്. സാമാജികർക്ക് ഭരണഘടന നൽകുന്ന സംരക്ഷണം സഭയിൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ അനുമതി നൽകുന്നില്ലെന്ന് ഓർക്കണം. തെറ്റു ചെയ്താൽ അതിനുള്ള ശിക്ഷയും അനുഭവിച്ചേ തീരൂ. അധികാരമുള്ളവർ തെറ്റു ചെയ്താൽ ലഘുവായി കാണണമെന്ന വാദം ബാലിശവും നിയമ സങ്കല്പങ്ങൾക്ക് നിരക്കാത്തതുമാണ്. ബഡ്‌ജറ്റവതരണത്തിൽ നിന്ന് മാണിയെ തടയാൻ ചെയ്ത പ്രവൃത്തികളെല്ലാം തന്നെ നിയമത്തിനും സഭയുടെ അന്തസിനും എല്ലാറ്റിനുമുപരി സദാചാരത്തിനും നിരക്കാത്തതു തന്നെയായിരുന്നു. നിയമസഭയ്ക്കകത്തുവച്ച് നടന്നു എന്നതുകൊണ്ടുമാത്രം അത് കുറ്റകൃത്യമല്ലാതാകുന്നുമില്ല. കുറ്റം ചെയ്ത സാമാജികരെ രക്ഷിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കി കേസ് നടത്തുന്നതും പൊതുജനങ്ങളോടുള്ള നിന്ദയായി വേണം കരുതാൻ. കേസിനു പോകണമെന്നു ആഗ്രഹമുള്ളവർ സ്വന്തം ചെലവിലാണ് അതു നടത്തേണ്ടത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഇനി സുപ്രീംകോടതിയിൽ അപ്പീൽ പോകുമെന്നാണ് പ്രതിസ്ഥാനത്തു നിൽക്കുന്ന ഒരു മന്ത്രി പ്രതികരിച്ചിരിക്കുന്നത്. അതിന് അദ്ദേഹത്തിനുള്ള അവകാശത്തെ ആർക്കും ചോദ്യം ചെയ്യാനാകില്ല. എന്നാൽ അപ്പീൽ ചെലവ് കേസിലുൾപ്പെട്ടവർ തന്നെ വഹിക്കുന്നതാണ് കേവല മര്യാദ. അതിനുവേണ്ടിയും പൊതുജനങ്ങൾ നൽകുന്ന നികുതിപ്പണം തന്നെ ഉപയോഗിക്കുന്നത് അധാർമ്മികമാണ്. സർക്കാരിനെ ഒരുവിധത്തിലും ബാധിക്കാത്ത ഒരുപാടു കേസുകളിൽ ഇതുപോലെ പൊതുപണത്തിന്റെ ദുർവിനിയോഗം നടക്കാറുണ്ട്. ശരിയായ നടപടിയല്ല അത്.