1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കാന്റീൻ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു.. ആശുപത്രിയിൽ എത്തുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന കാന്റീൻ വീണ്ടും തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യം ഉയരുകയാണ്. മൂന്ന് വ‌ർഷങ്ങൾക്ക് മുൻപാണ് മതിയായ മാനദണ്ഡങ്ങൾ പാലിച്ചല്ല പ്രവർത്തിക്കുന്നതെന്ന് കാട്ടി ആശുപത്രി അധികൃതർതന്നെ കാന്റീൻ അടച്ചുപൂട്ടിയത്. തുടർന്ന് ദീ‌ർഘകാലമായി ഇത് അടഞ്ഞു കിടക്കുകയായിരുന്നു. അടുത്തിടെയാണ് ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് കാന്റീൻ തുറന്ന് പ്രവ‌ർത്തിപ്പിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നവീകരണ പ്രവ‌ർത്തനങ്ങളും നടത്തി. 2020 ജനുവരിയിൽ പരസ്യം കൊടുത്ത് പുതിയ കരാറുകാരനെ ടെൻഡർ വഴി തിരഞ്ഞെടുത്തിരുന്നു. ഏറ്റവും കൂടുതൽ തുകയായ ദിവസം 3000 രൂപ ക്വട്ടേഷൻ പിടിച്ച പെരുമ്പഴുതൂർ വടകോട് പൂവൻവിള വീട്ടിൽ ജയചിത്രയെ തിരഞ്ഞെടുത്തെങ്കിലും കാന്റീൻ പ്രവർത്തനം മാത്രം നടന്നില്ല. ഇതിനിടെ പഴയ കരാറുകാരൻ തന്റെ സാധനസാമഗ്രികളും മറ്റും ലഭിക്കാനുണ്ടെന്ന് കാട്ടി നെയ്യാറ്റിൻകര കോടതിയെ സമീപിച്ച് കാന്റീൻ പ്രവർത്തനം തടഞ്ഞുകൊണ്ടുളള ഉത്തരവ് നേടി. കോടതി ഉത്തരവ് വന്നത് കാന്റീൻ പ്രവർത്തനം അനന്തമായി നീണ്ടുപോകുന്നതിന് ഇടയാക്കി.

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ദിനംപ്രതി ആയിരക്കണക്കിന് രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. അഞ്ഞൂറിൽപ്പരം രോഗികൾ കിടത്തി ചികിത്സയിലുമുണ്ട്. പൊതുജനങ്ങൾക്ക് അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗപ്പെടുത്താനുളള ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന കാന്റീൻ തുറന്ന് നൽകാൻ അധികൃതർ തയ്യാറാകണമെന്നാണ് രോഗികളടക്കമുളളവരുടെ ആവശ്യം.