kidney-stone

പിത്താശയത്തിൽ ചിലപ്പോൾ കല്ലുപോലെ കട്ടിയുള്ളതായ ചിലത് കാണപ്പെട്ടെന്ന് വരാം. ഇതിനെയാണ് പിത്താശയക്കല്ല് അഥവാ കോളിലിത്തിയാസിസ് എന്ന് പറയുന്നത്. പിത്താശയനാളിലും കല്ലുകൾ കാണാവുന്നതാണ്.

പെട്ടെന്ന് ഉണ്ടാകുകയും, വളരെ വേഗത്തിൽ വയറിന്റെ വലതുമേൽ ഭാഗത്തായി വർദ്ധിച്ചുവരുന്ന വേദനയോടെ കൂടിയുമാണ് പിത്താശയക്കല്ല് പ്രത്യക്ഷപ്പെടുന്നത്.വയറിന് നടുക്കായും വേദനയുണ്ടാകാം. ചുമലുകളുടെ നടുക്ക് പിറകുവശത്തായും വേദനയുണ്ടാകാവുന്നതാണ്.

പൊരിച്ച കോഴി, ഫ്രഞ്ച് ഫ്രൈസ്, പൊട്ടറ്റോ ചിപ്സ്, മുട്ട, പാൽ, വെണ്ണ, ഐസ്ക്രീം, കൊഴുപ്പ്, തൈര്, നെയ്യ്, ബിസ്ക്കറ്റ്, കേക്ക്, എണ്ണ കൂടുതലുള്ള ആഹാരങ്ങൾ, ബീഫ്, പോർക്ക്, മദ്യം, മയണൈസ്, സോസുകൾ, പേസ്ട്രികൾ, ക്രീമുകൾ തുടങ്ങിയവയുടെ തുടർച്ചയായ ഉപയോഗം പിത്താശയക്കല്ലിന് ഇടയാക്കിയേക്കാം.

പിത്താശയത്തിൽ സംഭരിക്കുന്ന ബൈൽ എന്ന ദ്രവത്തിൽ കൊളസ്ട്രോളിന്റെ സാന്നിദ്ധ്യം വർദ്ധിക്കുന്നവരിലാണ് പിത്താശയക്കല്ല് എളുപ്പത്തിൽ രൂപം കൊള്ളുന്നത്. കൊളസ്ട്രോൾ കൂടുതൽ കട്ടിപിടിക്കുകയും കല്ലുപോലെ കാഠിന്യമുള്ളതാകുകയും ചെയ്യുന്നു. ശരീരഭാരം കൂടുന്നതും പ്രായാധിക്യവുമാണ് ബൈൽ ദ്രവത്തിൽ കൊളസ്ട്രോൾ വർദ്ധിക്കാൻ കാരണം.

പിത്താശയക്കല്ല് ബാധിച്ചവരെ നിരീക്ഷിച്ചാൽ പുരുഷന്മാരുടെ ഇരട്ടിയോളം സ്ത്രീകളാണെന്ന് കാണാം. ഈസ്ട്രജൻ ഹോർമോൺ അധികമായി കാണുന്ന സാഹചര്യം, ഗർഭനിരോധന ഗുളികകളുടെ ഉപയോഗം തുടങ്ങിയവ കാരണം ബൈൽ ദ്രവത്തിൽ കൊളസ്ട്രോൾ സാന്നിദ്ധ്യം വർദ്ധിക്കുകയും അത് കാരണം പിത്താശയത്തിന്റെ ചലനം കുറഞ്ഞ് പിത്താശയക്കല്ല് രൂപം പ്രാപിക്കുകയും ചെയ്യുന്നു.

60ന് മുകളിൽ പ്രായമുള്ള പുരുഷന്മാർ, 20 നും 60 നും ഇടയിലുള്ള സ്ത്രീകൾ പ്രത്യേകിച്ചും,​ ഗർഭിണികൾ എന്നിവർക്കാണ് പിത്താശയക്കല്ല് പിടിപെടാനുള്ള സാദ്ധ്യത കൂടുതൽ.

പുളിയുള്ള പഴങ്ങൾ ധാരാളമായി കഴിക്കുന്നത് കൊളസ്ട്രോൾ സാന്നിദ്ധ്യം കുറയ്ക്കുമെന്നതിനാൽ പിത്താശയക്കല്ല് കുറയ്ക്കാനും അവ നല്ലതാണ്.

ധാരാളം വെള്ളം കുടിക്കുക, നാരുകൾ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുക, സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ കുറയ്ക്കുക, മധുരം കുറയ്ക്കുക, മീനെണ്ണയും ഒലിവ് ഓയിലും ഉപയോഗിക്കുക, തക്കാളി, കിവി, തണ്ണിമത്തൻ, സ്ട്രോബെറി, ബ്രോക്കോളി, കാബേജ് തുടങ്ങിയവ ഉപയോഗിക്കുക എന്നിവയിലൂടെ പിത്താശയക്കല്ലിനെ നിയന്ത്രിക്കാം.

പിത്താശയത്തിലുള്ള ദ്രവവും കഠിനവുമായ വസ്തുക്കളെ ഇടയ്ക്കിടെ പൂർണ്ണമായും ഒഴിവാക്കുന്നവിധമുള്ള ആയുർവേദ പഞ്ചകർമ്മ ചികിത്സയാണ് വിരേചനം. മരുന്നുകഴിച്ച് വയറിളക്കുന്ന ചികിത്സാരീതികൾ പിത്താശയക്കല്ല് ഉണ്ടാകാതിരിക്കാൻ പ്രയോജനം ചെയ്യും.

പിത്താശയനാളിയിൽ കല്ല് അടഞ്ഞ് തടസ്സമുണ്ടാകുന്നത് കാരണം. പിത്താശയ വീക്കവും ഉണ്ടാകാം. അതിനെ കോളീസിസ്റ്റൈറ്റിസ് എന്നാണ് പറയുന്നത്.

ദീർഘനാളായി തുടരുന്ന പിത്താശയ രോഗങ്ങൾ കാരണം ഗ്യാസ്, ഓക്കാനം, ഭക്ഷണശേഷമുള്ള വയറിലെ ബുദ്ധിമുട്ടുകൾ, തുടർച്ചയായ വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയവ ഉണ്ടാകാം.

പിത്താശയ അണുബാധയുണ്ടാകുന്നത് ജീവഹാനിക്ക് കാരണമാകുമെന്നതിനാൽ പിത്താശയക്കല്ലിനുള്ള ചികിത്സ തക്കസമയത്ത് തന്നെ ചെയ്യേണ്ടതുണ്ട്. ചിലപ്പോൾ സർജറി തന്നെ വേണ്ടി വന്നേക്കാം. ലക്ഷണങ്ങൾ ഒന്നുമില്ലാത്ത പിത്താശയക്കല്ലിനും മരുന്ന് ഉപയോഗിച്ച് ശമിച്ചവരിലും സർജറി അനിവാര്യമല്ല. ആയുർവേദ ചികിത്സയിലൂടെ,​ സർജറിയില്ലാതെ തന്നെ പിത്താശയക്കല്ല് ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.