
തിരുവനന്തപുരം: 'ഉമ്മൻചാണ്ടി നേമത്ത് മത്സരിച്ചാൽ മത്സരം കടുപ്പമായേനെ"- മീൻ കച്ചവടക്കാരൻ ഷാഫി ഉള്ളുതുറന്നു. 'ശശി തരൂരോ കെ. മുരളീധരനോ എത്തിയാലും നല്ല ടൈറ്റ് ഫൈറ്റായിരിക്കും''- മീൻ വാങ്ങാനെത്തിയ ഹരി അതേറ്റെടുത്തു. 'എല്ലാം കളിയല്ലേ, ഇങ്ങനെ പേരുകളോരോന്നും പറയുന്നത് നമ്പരല്ലേ'' തൊട്ടടുത്ത് മീൻ കച്ചവടം ചെയ്യുന്ന ഷാനവാസ് തിരിച്ചടിച്ചു. നട്ടുച്ചയോടടുക്കുമ്പോഴും പാച്ചല്ലൂർ ചന്തയിലെ ചർച്ച 'നേമം" തന്നെ.
കോൺഗ്രസ് സ്ഥാനാർത്ഥിക്കായി നേമം കാത്തിരിക്കുമ്പോൾ കേരളം ഉറ്റുനോക്കുന്നതും ഇവിടേക്കു തന്നെ. മണ്ഡലത്തിലെ വോട്ടർമാരുടെ ഉള്ളറിയാൻ എത്തിയപ്പോൾ അവർ പങ്കുവച്ചതും വ്യത്യസ്‌ത അഭിപ്രായങ്ങൾ. 'ഉമ്മൻചാണ്ടി മത്സരിച്ചിരുന്നെങ്കിൽ ജയിച്ചേനെ. നിഷ്‌പക്ഷരായവരുടെ വോട്ട് കിട്ടുമായിരുന്നു. സ്ഥാനാർത്ഥി നിർണയം വൈകിപ്പോയെന്ന് പറയാൻപറ്റില്ല. ഇനിയും സമയമുണ്ട്". - പാച്ചല്ലൂർ സ്വദേശി നയം വിശദമാക്കി.
കുറച്ചുമാറി ജംഗ്ഷനിൽ കടുപ്പത്തിൽ ഒരു ചായ നീട്ടി ഒഴിക്കുകയായിരുന്ന രാജീവ് തന്റെ ഉറപ്പ് പങ്കുവച്ചു'- 'കോൺഗ്രസ് സ്ഥാനാർത്ഥിയായി ആര് എത്തിയാലും ജയിക്കും. കോൺഗ്രസ് ഇന്ത്യയിലെ വലിയ പ്രസ്ഥാനമാണ്. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് ചിലപ്പോൾ വൈകും. ശിവൻകുട്ടിയും രാജഗോപാലും എം.എൽ.എ ആയിരുന്നപ്പോൾ ഇവിടെ എന്തു ചെയ്‌തുവെന്ന് ജനങ്ങൾക്കറിയാം. ഇവിടെയൊരു മാറ്രം അനിവാര്യമാണ്. ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരായ വിധിയെഴുത്തുണ്ടാകും".
മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്തുകൊണ്ട് നേമത്ത് വരാൻ മടിക്കുന്നു? കരുമം ജംഗ്ഷനിലെ മുറുക്കാൻ കടയിലെത്തിയ സുകേശന് ഒറ്റ ഉത്തരമേ ഉള്ളൂ- 'അവർക്ക് തോൽക്കുമെന്ന പേടിയാണ്. ഇവിടെ 75ശതമാനവും എൽ.ഡി.എഫ് ജയിക്കും". കടക്കാരൻ മധുവിന്റെ കണക്ക് മറ്റൊന്നായിരുന്നു- 'ഇവിടെ കൗൺസിലർമാർ കൂടുതലും ബി.ജെ.പിക്കാരാണ്.''
സമീപത്തെ ബേക്കറിയിൽ എത്തിയ ജയന്റെ കമന്റിങ്ങനെ- 'ജനത്തിന് സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള അവകാശം കിട്ടിയിരുന്നുവെങ്കിൽ ഒരാളുടെ പേര് നിർദ്ദേശിക്കാമായിരുന്നു". ഉമ്മൻചാണ്ടി അല്ലെങ്കിൽ തരൂർ സ്ഥാനാർത്ഥിയായാൽ നല്ല ത്രികോണ മത്സരം നടക്കും- ബേക്കറിയിലെത്തിയ വിജയനും പറഞ്ഞു. 'ഉമ്മൻചാണ്ടി വന്നാൽ 90 ശതമാനം ക്ലച്ച് പിടിക്കും'' ചെന്നിത്തല വന്നാലോ? 'പാടാണ്'. തരൂർ വന്നാലോ? 'പാർട്ടിക്കാരനായിട്ടല്ല ജനം കാണുന്നത്. കൂടുതൽ പിന്തുണയുണ്ട്"
'തരൂർ വന്നാൽ അദ്ദേഹത്തിന് വോട്ടു ചെയ്യും. ഇല്ലെങ്കിൽ ബി.ജെ.പിക്ക് വോട്ടു ചെയ്യും"- ഐരാണിമുട്ടത്തിനടുത്ത് കുടിലിൽ കഴിയുന്ന ലീല വെട്ടിത്തുറന്ന് പറഞ്ഞു. എന്റെ വീട് ഏഴ് ദിവസം വെള്ളത്തിൽ കിടന്നു സർക്കാർ ഒന്നും ചെയ്തില്ല. കൊറോണ തീരുന്നവരെ മൂന്നു നേരത്തെ ആഹാരം എത്തിച്ചത് ബി.ജെ.പിക്കാരാണ്.''
മണക്കാട് ചന്തയ്‌ക്കടുത്തെ കടയിൽ വാഴക്കുലകൾ കെട്ടുന്നതിന്റെ തിരക്കിലാണ് വർഗീസ്. 'ഉമ്മൻചാണ്ടി നിന്നാൽ ജയിക്കാം. നിൽക്കാത്തിന് വേറെ കാരണം കാണും" തരൂർ വന്നാലോ? 'എം.പിയാണെന്നേ ഉള്ളൂ ഒരു ഉപകാരവും ഇല്ല. മുരളീധരനും നിൽക്കുന്നില്ലെന്നാണ് കേട്ടത് എന്ന് കടയിൽ വന്ന ആൾ. ആർക്കും വയ്യെങ്കിൽ ഞാനിവിടെ നിൽക്കാമെന്ന് പറഞ്ഞ് ചർച്ചയുടെ പിരിമുറുക്കത്തിന് അയവുവരുത്തി വർഗീസ് ഉറക്കെ ചിരിച്ചു.