
ശാരീരിക, മാനസിക ആരോഗ്യത്തിന് വർക്ക്ഔട്ട് ചെയ്യുന്നത് മുഖ്യമെന്ന കുറിപ്പോടെ പുതിയ വർക്ക്ഔട്ട് വീഡിയോ പങ്കുവച്ച് മോഹൻലാൽ. മികച്ച പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന് വേണ്ടിയാണോ വർക്ക്ഔട്ട് ചെയ്യുന്നതെന്ന കമന്റുമായി നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്.. ബറോസ് എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പരിപാടികളിലാണ് മോഹൻലാൽ. മാർച്ച് അവസാനത്തോടെ ബറോസിന്റെ ചിത്രീകരണം ഗോവയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വാസ്‌കോ ഡി ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവൽക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിൻഗാമിയെന്നുറപ്പുള്ള ആൾക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരു ദിവസം ഗാമയുടെ പിൻതുടർച്ചക്കാരൻ എന്ന് അവകാശപ്പെട്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കാലത്തിലൂടെ കുട്ടിയുടെ മുൻഗാമികളെ കണ്ടെത്താൻ ബറോസ് നടത്തുന്ന യാത്രയാണ് ചിത്രം പറയുന്നത്.