
കറുകച്ചാൽ: ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവിനെ ബൈക്കിൽ എത്തിയ സംഘം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. കടയനിക്കാട് വില്ലൻപാറയിൽ ജയേഷി(35)നാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ ജയേഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ ബൈക്കുകളിൽ ഇയാളുടെ കടയനിക്കാട്ടെ വീട്ടിലെത്തിയ സംഘം ജയേഷിനെ വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. കാലിനും കൈയ്ക്കും പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ മണിമല പൊലീസാണ് ജയേഷിനെ കടയനിക്കാട്ടെയും ഇടയിരിക്കപ്പുഴയിലെയും ആശുപത്രികളിലും തുടർന്ന് കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ജയേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, സുഹൃത്തുക്കളായ യുവാക്കൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു. ജയേഷിനെതിരെ വെട്ടും പിടിച്ചുപറിയും അടക്കമുള്ള ഒട്ടേറെ കേസുകളുണ്ട്.
അന്വേഷണം ഊർജിതമാക്കിയതായും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും മണിമല പൊലീസ് പറഞ്ഞു.