
കൊച്ചി: കൊച്ചി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ഒരു മുഴം മുന്നേ ഇടതുപക്ഷം പായുമ്പോൾ ഗ്രൂപ്പ് സമവാക്യങ്ങളിൽ തട്ടി കോൺഗ്രസും ഒപ്പം ബി.ജെ.പിയും സ്ഥാനാർത്ഥി നിർണയം പോലും നടത്താനാവാതെ ബഹുദൂരം പിന്നിലാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ കെ.ജെ. മാക്‌സി മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങളുമായി സജീവമായി കഴിഞ്ഞു. കഴിഞ്ഞ ആഴ്ചയോടു കൂടി തന്നെ ചുവരെഴുത്തുകൾ തുടങ്ങി. നിലവിൽ മണ്ഡലപര്യടനം ആരംഭിച്ചു കഴിഞ്ഞു. സിറ്റിംഗ് എം.എൽ.എയെ കളത്തിലിറക്കി കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുപാളയം.
ഗ്രൂപ്പ് സമവാക്യങ്ങളിൽ
തട്ടി കോൺഗ്രസ്
ജില്ലയിലെ മറ്റിടങ്ങളിലേത് പോലെ ഗ്രൂപ്പ് സമവാക്യങ്ങളാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ കൊച്ചി മണ്ഡലത്തിലും കീറാമുട്ടിയാവുന്നത്. കോൺഗ്രസ് എ ഗ്രൂപ്പുകാരായ ടോണി ചമ്മണിയും ഷൈനി മാത്യുവും സ്ഥാനാർത്ഥിത്വം മോഹിച്ച് രംഗത്തുണ്ട്. ഒപ്പം ഐ ഗ്രൂപ്പിന്റെ ലാലി വിൻസെന്റുമാണ് മണ്ഡലത്തിൽ ഉയർന്നു കേൾക്കുന്ന പേരുകൾ. എന്നാൽ വനിതകൾക്ക് സംവരണം മണ്ഡലത്തിൽ അനുവദിച്ചില്ലെങ്കിൽ ടോണി ചമ്മിണിയ്ക്കാണ് സാദ്ധ്യത കൂടുതലുള്ളത്. കഴിഞ്ഞ അഞ്ചു വർഷമായി മണ്ഡലത്തിലെ സ്ഥിരസാന്നിധ്യമായിരുന്നു
ടോണി ചെമ്മിണി. അതുകൊണ്ടു തന്നെ വിജയ സാദ്ധ്യത കണക്കിലെടുത്ത് ടോണി ചെമ്മണിയ്ക്കാണ് മുൻഗണന.
സി.ജി. രാജഗോപാലിനോ
ജിജി ജോസഫിനോ നറുക്ക്
ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, മേഖല വൈസ് പ്രസിഡന്റ് സി.ജി. രാജഗോപാൽ എന്നിവരുടെ പേരുകളാണ് ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നത്. കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ കരുത്തിൽ ശക്തമായ സ്ഥാനാർത്ഥിയെ തന്നെയാണ് മണ്ഡലത്തിലേക്ക് പരിഗണിക്കുക. വിജയത്തിന് സാമുദായിക സമവാക്യങ്ങൾ പങ്കുവഹിക്കുന്ന മണ്ഡലത്തിൽ ജിജി ജോസഫിനെ സ്ഥാനാർത്ഥിയാക്കാനാണ് സാദ്ധ്യത.
സമാന്തര കൂട്ടായ്മകൾ
വെല്ലുവിളിയാവും
വി ഫോർ കേരള, ട്വന്റി ട്വന്റി എന്നിവയുടെ സ്ഥാനാർത്ഥിത്വവും ട്വന്റി ട്വന്റി ചെല്ലാനത്തിന്റെ പിന്തുണയും കൊച്ചി മണ്ഡലത്തിന്റെ വിജയഗതിയെ സ്വാധീനിക്കും. ചെല്ലാനത്തിലെ എട്ടു വാർഡുകളിൽ ട്വന്റിട്വന്റി ചെല്ലാനം സ്ഥാനാർത്ഥികളാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. അതുകൊണ്ട് ഇവർ ഏതു രാഷ്ട്രീയ പാർട്ടിയോടൊപ്പം നിൽക്കുമെന്നത് നിർണായകമാവും. കോൺഗ്രസിന് വൻ വോട്ടു ചേർച്ചയാണ് ചെല്ലാനത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായത്. കൂടാതെ വി ഫോർ കേരള നിപുൺ ചെറിയാനെയാണ് ഇക്കുറി സ്ഥാനാർത്ഥിയായി കൊച്ചി മണ്ഡലത്തിലേക്ക് പരിഗണിച്ചിരിക്കുന്നത്. കൂട്ടായ്മയുടെ മുൻനിര നേതാക്കളിൽ പ്രധാനിയാണ് നിപുൺ ചെറിയാൻ. കൂടാതെ ഷൈനി ആന്റണിയാണ് ട്വന്റി ട്വന്റിയുടെ കൊച്ചി മണ്ഡലം സ്ഥാനാർത്ഥി.