cp-john

തിരുവനന്തപുരം : പാർട്ടിയുടെ കൊടി പിടിച്ച് നേതാക്കളെ അണികൾ തെറി പറയുന്നത് കണ്ടുനിൽക്കേണ്ടി വരുന്ന ഗതികേടിലാണ് സി.പി.എമ്മെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ പരിഹസിച്ചു. സി.പി.എം നേതൃത്വത്തിന്. പാർട്ടി ഓഫീസിന് പുറത്ത് പിണറായിവിജയന്റെ തീരുമാനങ്ങൾക്ക് പ്രസക്തിയില്ലാതായി. പിണറായി വിജയന് ഈ പാർട്ടിയെക്കുറിച്ച് ഒറു ചുക്കും അറിയില്ലെന്നും കേരളകൗമുദിയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലെ സീറ്റ് പ്രഖ്യാപനം വൈകുന്നതിലെ അഭിപ്രായ വ്യത്യാസവും അദ്ദേഹം പങ്കുവച്ചു..യു.ഡി.എഫിൽ സീറ്റ് വിഭജനം പൂർത്തിയായപ്പോൾ സി.എം.പിക്ക് കിട്ടിയത് നെന്മാറയാണ്. തനിക്ക് സീറ്റ് കിട്ടാത്തതിൽ നിരാശയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സി.പി. ജോണുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം:

? യു.ഡി.എഫിലെ സീറ്റ് വിഭജനത്തെ എങ്ങനെ നോക്കിക്കാണുന്നു

സീറ്റ് വിഭജനം കുറച്ച് വൈകിപ്പോയി എന്നഭിപ്രായമുണ്ട്. യു.ഡി.എഫിന്റെ മൊത്തം പട്ടിക 12ന് മുമ്പ് വരണമായിരുന്നു. പാർട്ടിയുടെയല്ല, എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ആ ഒരു ദോഷമൊഴിച്ചാൽ പറയത്തക്ക പ്രശ്നം വേറെയുള്ളതായി തോന്നുന്നില്ല. ഞങ്ങളെ പോലുള്ള പാർട്ടികൾക്ക് ഒരു സീറ്റിലും രണ്ട് സീറ്റിലുമൊക്കെ ഒതുങ്ങേണ്ടിവന്നു. ഇനിയിപ്പോൾ കുറ്റം പറയാനില്ല.

? യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമോ

യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്താനുള്ള സാദ്ധ്യത വളരെ വർദ്ധിച്ചു. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിപട്ടിക പുറത്തുവന്നപ്പോൾ, സി.പി.എമ്മിന്റേത് ഗൗരവമുള്ള ക്യാബിനറ്റില്ലാത്ത സ്ഥാനാർത്ഥിപട്ടികയാണ്. 20 വയസ്സ് മുതൽ സി.പി.എമ്മിൽ ചുവരെഴുതിയും പോസ്റ്ററൊട്ടിച്ചുമൊക്കെ പ്രവർത്തിച്ചവരാണ് ഞങ്ങളൊക്കെ. ഒരു കാലത്തും ഇതുപോലെ പൊട്ടിത്തെറിയുണ്ടായിട്ടില്ല. വി.എസിനനുകൂലമായുണ്ടായ പൊട്ടിത്തെറിയെ ഇതിനോട് താരതമ്യപ്പെടുത്താനാവില്ല. വി.എസ് കേരളം കണ്ട വലിയ ആചാര്യരിലൊരാളാണ്. അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചപ്പോൾ നാട്ടിലെമ്പാടും പ്രതിഷേധപ്രകടനങ്ങളരങ്ങേറിയത് പോലും ഒരദ്ഭുതമാണ്. അന്ന് പിണറായി വിജയൻ പത്രക്കാരോട് പറഞ്ഞത്, നിങ്ങൾക്കൊരു ചുക്കും ഈ പാർട്ടിയെക്കുറിച്ചറിയില്ലെന്നാണ്. ഇപ്പോൾ എനിക്ക് പറയാനുള്ളത് പിണറായി വിജയന് ഒരു ചുക്കും അദ്ദേഹത്തിന്റെ പാർട്ടിയെക്കുറിച്ചറിയില്ലെന്നാണ്. അദ്ദേഹം ഭയന്നിരിക്കുകയാണ്. ധർമ്മടം മണ്ഡലത്തിൽ അധികമാളുകൾ വരേണ്ടെന്നാണ് നിർദ്ദേശം കൊടുത്തിട്ടുള്ളത്. കുറ്റ്യാടിയൊക്കെ വളരെയടുത്താണല്ലോ ധർമ്മടത്ത് നിന്ന്. സി.പി.എമ്മിൽ ഇത്തരം പ്രകടനങ്ങൾ പുതിയ അനുഭവമെന്ന് മാത്രമല്ല, പങ്കെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. പാർട്ടിയുടെ കൊടി പിടിച്ച് നേതാക്കളെ തെറി പറയുന്നത് കണ്ടുനിൽക്കേണ്ടി വരുന്ന ഗതികേടാണ് സി.പി.എം നേതൃത്വത്തിന്. പാർട്ടി ഓഫീസിന് പുറത്ത് പിണറായിവിജയന്റെ തീരുമാനങ്ങൾക്ക് പ്രസക്തിയില്ലാതായി.

? യു.ഡി.എഫിലെ മുതിർന്ന നേതാവായ താങ്കൾക്ക് ഒരുറച്ച സീറ്റ് ഇക്കുറി കോൺഗ്രസോ ലീഗോ നൽകുമെന്ന് കേട്ടിരുന്നു

- അതിന് വേണ്ടിയുള്ള ഗൗരവമായ ശ്രമമുണ്ടായിരുന്നു. ചില സീറ്റുകൾ മുൻകൂട്ടി കണ്ടു. ചില സീറ്റുകളിലെ സാദ്ധ്യതകൾ ഞാനടക്കം പങ്കാളിയായി ചർച്ചകളും നടത്തി. അതൊന്നും പക്ഷേ ശുഭകരമായില്ല. കുന്നംകുളത്താണ് ഞാൻ നേരത്തേ മത്സരിച്ചിരുന്നത്. കുന്നംകുളത്ത് ഇനി മത്സരിക്കുന്നില്ലെന്ന ധാരണയിൽ നമ്മുടെ പാർട്ടിയുടെ ഒന്നാമത്തെ സീറ്റായി നെന്മാറ കിട്ടി.

? ഏത് സീറ്റിലേക്കായിരുന്നു താങ്കളെ പരിഗണിച്ചത്

- അത് ഞാനിപ്പോൾ പറയുന്നില്ല. കാരണം എല്ലാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികൾ വന്നുകഴിഞ്ഞു. കിട്ടാത്തതെന്തെന്ന് ചോദിച്ചാൽ സാധിക്കേണ്ടേ. എളുപ്പമല്ല കാര്യം.

? കിട്ടാത്തതിൽ നിരാശയുണ്ടോ

നിരാശയെന്ന വാക്ക് തന്നെ എന്റെ നിഘണ്ടുവിലില്ല.

? യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മന്ത്രിസ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെടേണ്ടിയിരുന്ന നേതാവാണ് താങ്കൾ..

- ഞാൻ അടിയന്തരാവസ്ഥക്കാലത്താണ് രാഷ്ട്രീയത്തിലേക്ക് സജീവമായി വരുന്നത്. അന്ന് ജയിലിൽ പോകുമോ ഇല്ലയോയെന്ന പ്രശ്നം മാത്രമേയുള്ളൂ. അന്നെന്തുകൊണ്ടോ ജയിലിൽ പോയില്ല. ഞാനന്ന് താലൂക്ക് സെക്രട്ടറിയായിരുന്നു. വിദ്യാർത്ഥിരംഗത്ത് സിൻഡിക്കേറ്റിലൊക്കെയെത്തി. എന്നെ നിങ്ങളാരും അറിയപ്പെടുന്നത് പാർലമെന്റേറിയനായിട്ടല്ലല്ലോ. അതങ്ങനെ പോകട്ടെ.

? മാണിഗ്രൂപ്പും എൽ.ജെ.ഡിയുമൊക്കെ പോയപ്പോൾ യു.ഡി.എഫിന്റെ പൊതുപൂളിലേക്ക് കൂടുതൽ സീറ്റുകളെത്തിയിട്ടും തഴയപ്പെട്ടില്ലേ

- എനിക്കതിന്റെ അരിത്മാറ്റിക്സും മാത്തമാറ്റിക്സും അറിയാഞ്ഞിട്ടല്ല. തീർച്ചയായും അങ്ങനെയൊരു സീറ്റ് നമുക്ക് കിട്ടേണ്ടതായിരുന്നു. ഉറച്ച സീറ്റ് എന്നൊന്നുമില്ല. മാരാരിക്കുളം വി.എസ് തോറ്റില്ലേ. കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്ത് തോറ്റു, എം.എൻ. ഗോവിന്ദൻ നായർ തിരുവനന്തപുരത്ത് തോറ്റു. എങ്കിലും കുറേക്കൂടി സാദ്ധ്യതയുള്ള സീറ്റ് നോക്കി പലതിലേക്കും സീറോഡൗൺ ചെയ്തു. നോക്കിയപ്പോൾ അതിന് പറ്റിയ അന്തരീക്ഷമില്ലെന്ന് യു.ഡി.എഫിന്റെ നേതാക്കൾ എന്നെ അറിയിച്ചു. എങ്കിൽ ഞാൻ കാണിച്ചുതരാമെന്ന് പറയുന്ന സ്വഭാവമെനിക്കില്ലെന്ന് അവർക്കുമറിയാമല്ലോ.

? സീറ്റ് മലബാറിലായിരുന്നോ

- മലബാർമേഖലയിലായിരുന്നു.

?നേമത്ത് കോൺഗ്രസിന്റെ കരുത്തൻ വരുമോ...

- ആ രീതിയിൽ ചർച്ചയുണ്ട്. പറയാറായിട്ടില്ല. അതിനെത്തുടർന്ന് ബി.ജെ.പി ക്യാമ്പിൽ നമ്മളെ അതിശയിപ്പിക്കും വിധം വിരണ്ടിരിക്കുകയാണ്.

? ആര് വരണമെന്നാണ് ആഗ്രഹിക്കുന്നത്.

ഞാൻ പേരുകൾ പറയുന്നത് ശരിയല്ല. കോൺഗ്രസിന്റെ വിവേചനാധികാരമാണ്. അവർക്കൊരു കണക്കുകൂട്ടലുണ്ടാവും. പണ്ടൊക്കെ കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടാണ് കാര്യങ്ങളെങ്കിൽ ഇപ്പോഴെല്ലാം സർവ്വേയും മറ്റി അടിസ്ഥാനപ്പെടുത്തിയാണല്ലോ തീരുമാനമെടുക്കുന്നത്.

?സി.പി.എമ്മിൽ കലാപമൊക്കെയുണ്ടായെങ്കിലും പെട്ടെന്നവർ സീറ്റ്, സ്ഥാനാർത്ഥിപ്പട്ടികകൾ പുറത്തിറക്കി

- നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെയാണ് തിരഞ്ഞെടുപ്പ് വന്നത്. കണക്കുകൂട്ടലിലെ തെറ്റിദ്ധാരണയുണ്ടായി. യു.ഡി.എഫിൽ എല്ലാ കാലത്തും ഇങ്ങനെ നീണ്ടുപോകാറുണ്ട്. പണ്ട് ലീഡർ പറ‌ഞ്ഞിട്ടുണ്ട്, എല്ലാ പാർട്ടികൾക്കും നോമിനേഷൻ ഡേറ്റും വിത്ഡ്രാവൽ ഡേറ്റുമുണ്ട്, എന്നാൽ യു.ഡി.എഫിന് മൂന്നാമതൊരു ഡേറ്റുണ്ട്. അത് കാൻഡിഡേറ്റ് ഡേറ്റാണെന്ന്. നേരം വൈകുന്നത് നല്ലതാണെന്ന അഭിപ്രായം ഏതായാലും എനിക്കില്ല. ഏപ്രിൽ ആറിന് തിരഞ്ഞെടുപ്പ് വരുമ്പോൾ മാർച്ച് ആറിനെങ്കിലും സ്ഥാനാർത്ഥികൾ വരേണ്ടതാണ്.

?സി.പി.എമ്മൊക്കെ കളത്തിലിറങ്ങിക്കഴിഞ്ഞു, ഏകപക്ഷീയമായാണ് ആക്രമണം

- ഏകപക്ഷീയമായി സെൽഫ് ഗോളുകളാണടിക്കുന്നത് വിജയരാഘവൻ. ഞങ്ങൾ കളിക്കാനിറങ്ങുമ്പോഴേക്കും അവർ രണ്ട്,മൂന്ന് ഗോളടിച്ചുകഴിഞ്ഞു സ്വന്തം പോസ്റ്റിലേക്കെന്ന് മാത്രം. കടകംപള്ളി സുരേന്ദ്രൻ വളരെ ബുദ്ധിപൂർവ്വമാണ് കഴക്കൂട്ടത്ത് വച്ച് ശബരിമലയെപ്പറ്റി പറഞ്ഞത്. അത് സെൽഫ്ഗോളാണ്.

? തിര‌ഞ്ഞെടുപ്പിൽ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളൊക്കെ ചർച്ചയാവില്ലേ

- ക്ഷേമപ്രവർത്തനങ്ങൾ ഏതെങ്കിലും സർക്കാരിന്റെ മാത്രം കുത്തകയല്ല. പൊതുവിൽ ക്ഷേമസർക്കാരുകളാണ് എൽ.ഡി.എഫായാലും യു.ഡി.എഫായാലും. ഏറ്റവും വലിയ ക്ഷേമപെൻഷനായ വിധവാപെൻഷൻ തുടങ്ങിവച്ചത് ആർ. ശങ്കറാണ്. 64ൽ. അന്ന് ഇരുപതുറുപ്പികയോ മറ്റോ ആണ്. തൊഴിലില്ലായ്മ വേതനം കൊണ്ടുവന്നത് എ.കെ. ആന്റണിയാണ്. ഡിഗ്രി പാസ്സായവർക്ക്. നായനാരും മാണിയും ആന്റണിയുമുണ്ട്. ഇ.എം.എസ് ഭരിക്കുമ്പോൾ ക്ഷേമപെൻഷനില്ലെന്ന് കൂട്ടിക്കോളണം. ക്ഷേമപെൻഷനെക്കുറിച്ച് വലിയ വായിൽ സംസാരിക്കുമ്പോൾ അതിനേക്കാൾ വേണ്ടത് വിപ്ലവകരമായ മാറ്റമാണ്. ക്ഷേമപെൻഷൻ ഒരു ബൂർഷ്വാസങ്കല്പമാണ് കമ്മ്യൂണിസ്റ്റ്പാർട്ടിയെ സംബന്ധിച്ച്. നിസ്വരായ ആളുകളെ സംരക്ഷിക്കാനാണ് ക്ഷേമപെൻഷൻ. നിസ്വരായ ആളുകളില്ലാതിരിക്കലാണ് കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ ലക്ഷ്യം. ക്ഷേമപെൻഷൻ ഭ്രമം കൂടിയിട്ട് അവർ വച്ച ഹോർഡിംഗുകൾ കണ്ടാൽ പട്ടിണിക്കോലങ്ങളാണ് പിണറായി വിജയൻ ഭരണത്തിലെന്ന് തോന്നിപ്പോകും. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞമെന്ന് പറയുന്നത് പോലെയുള്ള ചിത്രങ്ങളാണ് കൊടുക്കുന്നത്. അത്രയും ദൈന്യതയുള്ളവരുടെ ചിത്രം കൊടുത്ത് പാവങ്ങളെ പരസ്യപ്പലകകളാക്കുകയാണ്.

? ഈ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ഏറ്റവും ചർച്ചയാവുകയെന്താവും

- ഒരു സിഗ്നേച്ചർ സംഭവമില്ല വികസനരംഗത്ത്. എല്ലാം പരസ്യത്തിലും പി.ആർ വർക്കിലുമാണ്. ഹെലികോപ്റ്റർ ഷോട്ടെടുത്ത് വികസനമെന്ന് പറഞ്ഞിട്ട് കാര്യമില്ല. കൊച്ചിൻമെട്രോയും വൈറ്റില ഓവർബ്രിഡ്ജും തമ്മിൽ ബന്ധമുണ്ടോ. ഏത് വികസനത്തിലാണ് പിണറായി വിജയന്റെ കൈയൊപ്പ് പതിഞ്ഞിരിക്കുന്നത്. ഞാൻ വെല്ലുവിളിക്കുന്നു. ശബരിമല ഇഷ്യു പൊങ്ങി വന്നില്ലേ. കടകംപള്ളിയിൽ നിന്ന് തന്നെ വന്നില്ലേ. സി.എം.പിയെ സംബന്ധിച്ചിടത്തോളം 2014ൽ നടന്ന പാർട്ടി കോൺഗ്രസിൽ ശബരിമല ഉയർത്തിപ്പിടിക്കുന്നുണ്ട്. അത് സ്ത്രീപ്രവേശനത്തെ ചൊല്ലിയല്ല. ഫാസിസ്റ്റുകൾ ഇന്ത്യ ഭരിക്കുമ്പോൾ മതേതരത്വത്തിന്റെ ഭാഗത്ത് നിന്ന് ജനാധിപത്യശക്തികൾ ഉയർത്തിക്കാണിക്കേണ്ട ക്ഷേത്രമാണ് ശബരിമല.ഹിന്ദുമുസ്ലിം മൈത്രിയുടെ കേന്ദ്രമായാണ് അതിനെ ഹൈലൈറ്റ് ചെയ്യേണ്ടിയിരുന്നത്. ഇവർ ചെയ്തത് സ്ത്രീവിരുദ്ധതയുടെ കേന്ദ്രമായി ശബരിമലയെ ഉയർത്തിക്കാണിച്ചു. അത് ഭയങ്കര തെറ്റാണ്. കൈപൊള്ളിയപ്പോൾ മടക്കിവച്ചു. വീണ്ടും കൈ പൊള്ളുമെന്ന് കണ്ടപ്പോൾ കുമ്പസാരത്തിന് വന്നു. ഞങ്ങൾ ക്ഷേമപെൻഷനുകൾ മെച്ചപ്പെടുത്തും. അതിന് സ്പെഷ്യൽ സംവിധാനം കൊണ്ടുവരുന്നുണ്ട്. ന്യായ് പദ്ധതി പറഞ്ഞപ്പോൾ അവർ അതിന് മുന്നിൽ പകച്ച് നിൽക്കുകയല്ലേ. മോർ സ്കോളർഷിപ്പ്, മോർ വേജസ്, മോർ പെൻഷൻ എന്നത് ഞങ്ങളുടെയൊരു കൺസെപ്റ്റാണ്. ഇവരുടെ ഭരണത്തിൽ, വെള്ളപ്പൊക്കമൊക്കെ വന്നു ശരിയാണ്. ഒരു മേജർ ഇൻവെസ്റ്റ്മെന്റ് വന്നില്ല. എല്ലാം പഴയതിന്റെ ഇൻക്രിമെന്റ് ലിസ്റ്റാണ്.

? ഗെയിലൊക്കെ നല്ല നിലയിൽ പൂർത്തിയാക്കിയില്ലേ.

അതൊക്കെ പൂർത്തിയാക്കിയത് ശരിയാണ്. പക്ഷേ അതിൽ യു.ഡി.എഫിന്റെ പങ്ക് കാണണം. അതിനൊക്കെ ഇടങ്കോലിടുകയാണിവർ ചെയ്തത്. അവർ ഇടങ്കോലിട്ടില്ലായിരുന്നില്ലായെങ്കിൽ ഞങ്ങൾ നേരത്തേ പൂർത്തിയാക്കുമായിരുന്നു. അതിന്റെ പ്രാഥമികചർച്ചയിൽ ആസൂത്രണബോർഡംഗമായി പങ്കെടുത്തയാളാണ് ഞാൻ.

? ഭരണവിരുദ്ധവികാരം പണ്ടത്തെ പോലെയുണ്ടോ

- അത് ഭരണകക്ഷിക്കാരുടെ വിശ്വാസം. അവരുടെ വിശ്വാസം അവരെ രക്ഷിക്കുമെന്ന് തോന്നുന്നില്ല. ഭരണവിരുദ്ധവികാരം ആളിക്കത്തിയത് കൊണ്ടല്ലേ പാർലമെന്റിൽ അവർ തോറ്റത്.