
തിരുവനന്തപുരം: അഞ്ചു വർഷം കൊണ്ട് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും ആത്മവീര്യം ഇടത് സർക്കാർ തകർത്തെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. സലാഹുദ്ദീൻ, ട്രഷറർ എസ്. സന്തോഷ് കുമാർ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി സെക്രട്ടറി ജി.വി. ഹരി, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, ഐ.എൻ.സി കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് അണ്ടൂർക്കോണം സനൽ തുടങ്ങിയവർ സംസാരിച്ചു.
ഉച്ചയ്‌ക്ക് നടന്ന വിദ്യാഭ്യാസ സമ്മേളനം ഡോ. ശശി തരൂർ എം.പി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ സീനിയർ വൈസ് പ്രസിഡന്റ് സി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. എ. ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ്, കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വിഭാഗം തലവൻ ഡോ. അമൃത് ജി. കുമാർ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ബാഹുൽ കൃഷ്ണ, വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ. കെ.വി. മനോജ് തുടങ്ങിയവർ സംസാരിച്ചു.
സമാപന ദിവസമായ ഇന്ന് രാവിലെ 9.30ന് സുഹൃദ് സമ്മേളനം, 11ന് യാത്രഅയപ്പ് സമ്മേളനം, ഉച്ചയ്ക്ക് രണ്ടിന് സമാപന സമ്മേളനം തുടർന്ന് തിരഞ്ഞെടുപ്പ് എന്നിവ നടക്കും.