
തിരുവനന്തപുരം: പഴഞ്ചൻ ട്രാൻസ്‌പോർട്ട് ബസുകൾ പിൻവലിച്ച് പുത്തൻ ബസുകൾ നിരത്തിലിറക്കാൻ കെ.എസ്.ആർ.ടി.സി നടപടി ആരംഭിച്ചു.
രണ്ടു വർഷം മുമ്പ് തയ്യാറാക്കിയ പട്ടിക പ്രകാരം പഴയ ജൻറം വാഹനങ്ങൾ ഉൾപ്പെടെ 2731 ബസുകളാണ് പിൻവലിക്കുന്നത്. ഇതിൽ 10 മുതൽ 20 വർഷം വരെ പഴക്കമുള്ളവ ഉണ്ട്. ഈ ബസുകൾ വൻ സാമ്പത്തിക ബാദ്ധ്യതയാവും എന്നതിനാലാണ് ഒഴിവാക്കുന്നത്.
'സ്വിഫ്ടി'നുള്ള 1100 എണ്ണം ഉൾപ്പെടെ 1150 പുതിയ ബസുകൾ ഏപ്രിൽ മുതൽ ഓടിത്തുടങ്ങും. ഇതിൽ 310 സി.എൻ.ജി ബസുകളാണ്. തലസ്ഥാന നഗരത്തിൽ പ്രകൃതി സൗഹൃദ ഗതാഗതത്തിന് 50 ഇലക്ട്രിക് ബസുകളും ഇറക്കും.
യാത്രക്കാർ കുറവായതിനാൽ ഇപ്പോൾ 2800- 3300 ബസുകളാണ് ഒരു ദിവസം സർവീസ് നടത്തുന്നത്. ഈ വർഷം ഡിസംബറോടെ 4000 ബസുകളെങ്കിലും ഓടിക്കാമെന്നാണ് കണക്കുകൂട്ടൽ.
ഒഴിവാക്കുന്നത് ഇങ്ങനെ
500 ബസുകൾ ആക്രിവിലയ്ക്ക് പൊളിച്ചു വിൽക്കും
300 എണ്ണം ഷോപ്പുകളാക്കി മാറ്റും
ആവശ്യ പ്രകാരം കാരവൻ, ടൂറിസ്റ്റ് റൂം എന്നിവ നിർമ്മിക്കും
ബാക്കി ലേലത്തിൽ വിൽക്കും.
ഇൻഷ്വറൻസിന് മാത്രം 17കോടി
മാർച്ച് കഴിഞ്ഞാൽ പഴയ ഓർഡിനറി ബസുകൾക്കു മാത്രം ഇൻഷ്വറൻസ് പുതുക്കാൻ 17 കോടി രൂപ വേണം. പഴയ ബസിന്റെ പേരിൽ നേർവഴിക്കും അല്ലാതെയും നടക്കുന്ന ലോക്കൽ പർച്ചേസ് കൂടുതൽ ബാദ്ധ്യത ഉണ്ടാക്കുന്നു. വിദഗ്ദ്ധസമിതിയുടെ പരിശോധനയ്ക്കു ശേഷം പഴയ ബസുകൾ എടപ്പാൾ, ഈഞ്ചയ്ക്കൽ , പൊന്നാനി, ചിറ്റൂർ എന്നിവിടങ്ങളിലേക്ക് മാറ്റും.
''പഴഞ്ചൻ വാഹനങ്ങൾ ഒഴിവാക്കുന്നത് ജീവനക്കാരെ കുറയ്ക്കാനാണെന്ന പ്രചാരണം തെറ്റാണ്. ചെലവ് കുറയ്ക്കൽ മാത്രമാണ് ലക്ഷ്യം''
- ബിജു പ്രഭാകർ, സി.എം.ഡി, കെ.എസ്.ആർ.ടി.സി
ഒഴിവാക്കുന്ന ബസുകൾ
ടാറ്റ- 1258
ലൈലാൻഡ്- 1233
ജൻറം (എല്ലാം ലൈലാൻഡ്)- 240