തിരുവനന്തപുരം: സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോണിന് ഇക്കുറി യു.ഡി.എഫിൽ ഒരു ഉറച്ച സീറ്റ് കണ്ടെത്തി നൽകുമെന്ന് ആദ്യം മുതൽ കേട്ടിരുന്നതാണ്. അവസാനമെത്തിയപ്പോൾ സി.എം.പിക്ക് നെന്മാറയിൽ ഒതുങ്ങേണ്ടിവന്നു. ഇതേക്കുറിച്ചടക്കം സി.പി.ജോൺ പ്രതികരിക്കുന്നു:
? യു.ഡി.എഫിലെ സീറ്റ് വിഭജനത്തെ എങ്ങനെ നോക്കിക്കാണുന്നു
- സീറ്റ് വിഭജനം കുറച്ച് വൈകിപ്പോയി എന്ന അഭിപ്രായമുണ്ട്. യു.ഡി.എഫിന്റെ മൊത്തം പട്ടിക 12ന് മുമ്പ് വരണമായിരുന്നെന്നാണ് വ്യക്തിപരമായ അഭിപ്രായം. ആ ഒരു ദോഷമൊഴിച്ചാൽ പറയത്തക്ക പ്രശ്നം വേറെയുള്ളതായി തോന്നുന്നില്ല. ഞങ്ങളെപ്പോലുള്ള പാർട്ടികൾക്ക് ഒരു സീറ്റിലും രണ്ട് സീറ്റിലുമൊക്കെ ഒതുങ്ങേണ്ടിവന്നു. ഇനിയിപ്പോൾ കുറ്രം പറയാനില്ല.
? യു.ഡി.എഫിലെ മുതിർന്ന നേതാവായ താങ്കൾക്ക് ഒരു ഉറച്ച സീറ്റ് ഇക്കുറി കോൺഗ്രസോ ലീഗോ നൽകുമെന്ന് കേട്ടിരുന്നു
- അതിന് വേണ്ടിയുള്ള ഗൗരവമായ ശ്രമമുണ്ടായിരുന്നു. ചില സീറ്റുകൾ മുൻകൂട്ടി കണ്ടു. ചില സീറ്റുകളിലെ സാദ്ധ്യതകൾ ഞാനടക്കം പങ്കാളിയായി ചർച്ചകളും നടത്തി. അതൊന്നും പക്ഷേ ശുഭകരമായില്ല.
? ഏത് സീറ്റിലേക്കായിരുന്നു താങ്കളെ പരിഗണിച്ചത്
- അത് ഞാനിപ്പോൾ പറയുന്നില്ല. കാരണം എല്ലാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികൾ വന്നുകഴിഞ്ഞു. കിട്ടാത്തതെന്തെന്ന് ചോദിച്ചാൽ സാധിക്കേണ്ടേ. എളുപ്പമല്ല കാര്യം.
? കിട്ടാത്തതിൽ നിരാശയുണ്ടോ
നിരാശയെന്ന വാക്ക് തന്നെ എന്റെ നിഘണ്ടുവിലില്ല.
? യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മന്ത്രിസ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെടേണ്ടിയിരുന്ന നേതാവാണ് താങ്കൾ.
- ഞാൻ അടിയന്തരാവസ്ഥക്കാലത്താണ് രാഷ്ട്രീയത്തിലേക്ക് സജീവമായി വരുന്നത്. അന്ന് ജയിലിൽ പോകുമോ ഇല്ലയോയെന്ന പ്രശ്നം മാത്രമേയുള്ളൂ. അന്നെന്തുകൊണ്ടോ ജയിലിൽ പോയില്ല. ഞാനന്ന് താലൂക്ക് സെക്രട്ടറിയായിരുന്നു. വിദ്യാർത്ഥി രംഗത്ത് സിൻഡിക്കേറ്റിലൊക്കെയെത്തി. എന്നെ നിങ്ങളാരും അറിയുന്നത് പാർലമെന്റേറിയനായിട്ടല്ലല്ലോ. അതങ്ങനെ പോകട്ടെ.
? മാണിഗ്രൂപ്പും എൽ.ജെ.ഡിയുമൊക്കെ പോയപ്പോൾ യു.ഡി.എഫിന്റെ പൊതു പൂളിലേക്ക് കൂടുതൽ സീറ്റുകളെത്തിയിട്ടും തഴയപ്പെട്ടില്ലേ
- തീർച്ചയായും അങ്ങനെയൊരു സീറ്റ് നമുക്ക് കിട്ടേണ്ടതായിരുന്നു. ഉറച്ച സീറ്റെന്നൊന്നില്ല. മാരാരിക്കുളം വി.എസ് തോറ്റില്ലേ. കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്ത് തോറ്റു, എം.എൻ. ഗോവിന്ദൻ നായർ തിരുവനന്തപുരത്ത് തോറ്റു. എങ്കിലും കുറേക്കൂടി സാദ്ധ്യതയുള്ള സീറ്റ് നോക്കി പലതിലേക്കും ഞങ്ങൾ സീറോഡൗൺ ചെയ്തു. നോക്കിയപ്പോൾ അതിന് പറ്റിയ അന്തരീക്ഷമില്ലെന്ന് യു.ഡി.എഫിന്റെ നേതാക്കൾ എന്നെ അറിയിച്ചു. എങ്കിൽ ഞാൻ കാണിച്ചുതരാമെന്ന് പറയുന്ന സ്വഭാവമെനിക്കില്ലെന്ന് അവർക്കുമറിയാമല്ലോ (ചിരിക്കുന്നു).
? നേമത്ത് കോൺഗ്രസിന്റെ കരുത്തൻ വരുമോ...
- ആ രീതിയിൽ ചർച്ചയുണ്ട്. പറയാറായിട്ടില്ല. ബി.ജെ.പി ക്യാമ്പ് വിരണ്ടിരിക്കുകയാണ്.
? ഭരണവിരുദ്ധവികാരം പണ്ടത്തെപ്പോലെയുണ്ടോ
- അത് ഭരണകക്ഷിക്കാരുടെ വിശ്വാസം. അവരുടെ വിശ്വാസം അവരെ രക്ഷിക്കുമെന്ന് തോന്നുന്നില്ല. ഭരണവിരുദ്ധവികാരം ആളിക്കത്തിയത് കൊണ്ടല്ലേ പാർലമെന്റിൽ അവർ തോറ്റത്.