bag

തിരുവനന്തപുരം: 'തനിക്കൊന്നും വേണ്ട, പകരം എൽ.ഡി.എഫിന് ഒരു വോട്ട് നൽകിയാൽ മതി". കളഞ്ഞ് കിട്ടിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകിയതിന്റെ പാരിതോഷികമായി പങ്കജാക്ഷൻ പറഞ്ഞ വാക്കുകളാണിത്. പങ്കൻ എന്ന് നാട്ടുകാർ വിളിക്കുന്ന പങ്കജാക്ഷൻ പാളയത്തെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയും പത്രം ഏജന്റുമാണ്. കഴിഞ്ഞ ദിവസം പത്രം ഇടാനായി പോകുന്നവഴി പട്ടം എസ്.യു.ടി ആശുപത്രിക്ക് സമീപം റോഡിൽ നിന്ന് ഒരു ബാഗ് കളഞ്ഞ് കിട്ടി.

ബാഗ് തുറന്ന് പോലും നോക്കാതെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എസ്.ഐ ബാഗ് തുറന്നു നോക്കിയപ്പോൾ 12,000 രൂപയും മറ്റ് രേഖകളും ബാഗിലുണ്ട്. ബാഗ് പരിശോധിച്ച് അതിൽ നിന്ന് ലഭിച്ച ഫോൺ നമ്പരിൽ വിളിച്ച് വിവരം അറിയിച്ചു. അവരുടെ സന്തോഷവും സങ്കടവും നിറഞ്ഞ വാക്കുകൾ എസ്.ഐയുടെ ഫോൺ വഴി പങ്കജാക്ഷൻ കേട്ടു.

പൂന്തുറയിലെ ഡെയറിഫാമിലെ ഒരു സ്ത്രീയാണ് ബാഗിന്റെ ഉടമ. തന്റെ കുട്ടിക്ക് ഫീസ് അടയ്ക്കാനായി കൊണ്ടുവന്ന തുകയാണ് പട്ടത്ത് വച്ച് നഷ്ടപ്പെട്ടത്. അതിന്റെ വിഷമത്തിലായിരുന്നു അവർ. പരാതി നൽകാനായി തയ്യാറെടുക്കുന്നതിനിടയിലാണ് മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എസ്.ഐയുടെ ഫോൺ എത്തുന്നത്. ഉടൻ അവർ സ്റ്റേഷനിലെത്തി ബാഗ് പങ്കജാക്ഷനിൽ നിന്ന് കൈപ്പറ്റി.

പങ്കജാക്ഷന് ബാഗിന്റെ ഉടമ ചെറിയ ഒരു പാരതോഷികം നൽകാൻ തയ്യാറായി. അത് വാങ്ങാൻ എസ്.ഐ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ, പങ്കജാക്ഷൻ അതിന് വിസമ്മതിച്ചു. നിർബന്ധം കൂടിയപ്പോൾ അദ്ദേഹം പറഞ്ഞു- ' 'ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്, ഇതിന് എനിക്ക് പാരിതോഷികം വേണ്ട, തന്നേ തീരൂവെങ്കിൽ വട്ടിയൂർക്കാവിലെ ഇടത് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിന് ഒരു വോട്ട് ചെയ്താൽ മതി. മണ്ഡലം അതല്ലെങ്കിൽ എൽ.ഡി.എഫിന് ഒരു വോട്ട് നൽകിയാൽ മതി.'' ഇതുപറഞ്ഞ് അദ്ദേഹം സ്റ്റേഷനിൽ നിന്ന് മടങ്ങി.