
പുത്തൂർ: പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണനെ ഇടിച്ചിട്ടശേഷം നിറുത്താതെ പോയ വാഹനം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് കൊട്ടാരക്കര പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. ശാസ്ത്രീയ പരിശോധനകൾ നടത്തിയശേഷം വാഹനം കോടതിയിൽ ഹാജരാക്കും. വ്യാഴാഴ്ച ഉച്ചയോടെയാണ് കൊട്ടാരക്കര അവണൂരിന് സമീപത്തുവച്ച് അപകടമുണ്ടായത്. വി.രാധാകൃഷ്ണൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച ശേഷം വാഹനം നിറുത്താതെ പോവുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷെവർലറ്റ് കാറാണ് ഇടിച്ചതെന്ന് കണ്ടെത്തി. തുടർന്നാണ് ഇന്നലെ വൈകിട്ടോടെ വാഹനം കസ്റ്റഡിയിലെടുത്തത്. അപകടത്തിൽ സാരമായി പരിക്കേറ്റ രാധാകൃഷ്ണൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുകയാണ്.