
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിൽ 2016 മുതൽ പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് സേവ് എഡ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജർഖാൻ ആരോപിച്ചു.
ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം 2015-16ൽ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരായ 4,89,237 വിദ്യാർത്ഥികളാണ് പൊതുവിദ്യാലയങ്ങളിലുണ്ടായിരുന്നത്. 2016-17ൽ ഇത് 4,75,309 പേരായി കുറഞ്ഞു. 2017-18ൽ 4,66,305 പേരും 2018-19ൽ 4,62,085 പേരായും കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോടികൾ ചെലവാക്കി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തിയിട്ടും പ്രത്യേക പരിഗണന വേണ്ട വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനായില്ല.
പൊതുവിദ്യാലയങ്ങളിൽ 6.8 ലക്ഷം വിദ്യാർത്ഥികൾ കൂടിയെന്ന പെരുംനുണയാണ് സർക്കാരും വിദ്യാഭ്യാസ വകുപ്പും പ്രചരിപ്പിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകളിലും കൈറ്റിന്റെ സമേതം വെബ്പോർട്ടലിലെ രേഖകളിലും സർക്കാർ അംഗീകരിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിലും ഇത്രയും കുട്ടികളുടെ വർദ്ധനവില്ലെന്നും സേവ് എഡ്യുക്കേഷൻ കമ്മിറ്റി ആരോപിച്ചു.
വിദ്യാർത്ഥികളുടെ എണ്ണത്തെപ്പറ്റി വിവാദം അനാവശ്യം: മന്ത്രി സി.രവീന്ദ്രനാഥ്
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞു എന്ന രൂപത്തിലുള്ള പ്രചാരണങ്ങൾ അനാവശ്യവും തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ളതുമാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പൊതുവിദ്യാലയങ്ങളിൽ 6.8 ലക്ഷം വിദ്യാർത്ഥികൾ കൂടിയെന്ന സർക്കാർ കണക്ക് വ്യാജമാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസം പ്രസിദ്ധീകരിക്കാൻ തുടങ്ങിയത് 2017-18 മുതലാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണ് ഇത് തയാറാക്കുന്നത്. 1990-91 മുതൽ 2019-20 വരെയുളള 30 വർഷങ്ങളിലെ ചാർട്ട് പരിശോധിച്ചാൽ 2018-19 മുതലാണ് ഗ്രാഫ് മുകളിലോട്ട് ഉയരാൻ തുടങ്ങുന്നതെന്ന് വ്യക്തമാകും.
https://education.kerala.gov.in/downloads/, sametham.kite.kerala.gov.in പോർട്ടലുകളിൽ കണക്കുകൾ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.