sofi

തലശേരി: തലശേരി ഒ.വി റോഡിലെ കീർത്തി ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് നൂറു കണക്കിനു രോഗികളെ ചികിത്സിച്ച വ്യാജ വനിത ഡോക്ടർ അറസ്റ്റിലായി. വൈദ്യ ഫിയ റാവുത്തർ എന്ന പേരിൽ നവമാധ്യമങ്ങളിലൂടെ വൻ പ്രചരണം നടത്തി സ്ത്രീകളുൾപ്പെടെ നിരവധി പേരെ കേരളത്തിലെ വിവിധ ജില്ലകളിൽ ചികിത്സിച്ച പെരിങ്ങമല വില്ലേജിൽ ഡിസന്റ് മുക്ക് ജംഗ്ഷനു സമീപം ഹിസാന മൻസിലിൽ ആരിഫാ ബീവിയുടെ മകൾ സോഫി മോളെയാ (43) ണ് നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തത്.

തലശേരി കീർത്തി ആശുപത്രിയിൽ ഇവർ മാറാ രോഗികളെ ചികിത്സിക്കുന്നതിനിടയിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുകയും വ്യാജ ഡോക്ടറാണെന്ന സംശയം ചൂണ്ടിക്കാണിച്ച് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. മതിയായ യോഗ്യതകളില്ലാതെ ചികിത്സ നടത്തിയതായാണ് പൊലീസ് കണ്ടെത്തിയത്.
ഇവരുടെ ചികിത്സയെ തുടർന്ന് മാറാരോഗം മാറിയതായി നവമാധ്യമങ്ങളിലൂടെ നടന്ന പ്രചരണത്തെ തുടർന്ന് നിരവധി പേർ കീർത്തി ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു. അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും ചേർത്തായിരുന്നു ഇവരുടെ ചികിത്സാ രീതികൾ. വ്യാജഡോക്ടർ അറസ്റ്റിലായതോടെ ചികിത്സ തേടിയ നൂറു കണക്കിനു രോഗികൾ ആശങ്കയിലായിരിക്കുകയാണ്.

പെരിങ്ങമല സ്വദേശിയായ ഇവർ വർഷങ്ങളായി കാസർകോട് ജില്ലയിൽ നീലേശ്വരം , മടിക്കൈ, എരിക്കുളം, കാഞ്ഞിരംവിള എന്നിവിടങ്ങിൽ താമസിച്ച് ചികിത്സ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.