
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ ഡി.ജി.പിക്ക് കത്ത് നൽകി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം 17ന് മുമ്പ് മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ജില്ലയിൽ ചുമതലപ്പെടുത്തിയിട്ടുള്ള നോഡൽ ഓഫീസർ മുഖാന്തരം അയയ്ക്കണം. തുടർന്ന് പോളിംഗിന് മൂന്ന് ദിവസം മുമ്പ് അവരവരുടെ മണ്ഡലങ്ങളിലെ വരണാധികാരികൾ നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് വോട്ടവകാശം രേഖപ്പെടുത്തണം. തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ സുരക്ഷയും മറ്റ് കാര്യങ്ങളുമായി എല്ലാ പൊലീസ് ഉദ്യോഗസ്ഥരും തിരക്കിലായിരിക്കും. സ്വന്തം ജില്ലയിലുമായിരിക്കില്ല. ഉചിതനടപടി സ്വീകരിക്കണമെന്ന് പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജുവിന്റെ കത്തിൽ പറയുന്നു.