
കോഴിക്കോട്: പാർട്ടി ആവശ്യപ്പെട്ടാൽ ഏത് വെല്ലുവിളിയും ഏറ്റെടുക്കുമെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാൽ മത്സരിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അത്രയ്ക്ക് ചീപ്പല്ല ഞാൻ. പ്രതിഫലത്തിന് വേണ്ടിയല്ല ജീവിക്കുന്നത്. കെ. കരുണാകരൻ തന്നെ പഠിപ്പിച്ചത് അതല്ല. ഇഴഞ്ഞുകയറിച്ചെന്ന് സീറ്റ് ചോദിക്കുന്ന ആളല്ല താൻ. നേമത്ത് മത്സരിക്കാൻ തയ്യാറാണോ എന്ന് എ.ഐ.സി.സി അംഗങ്ങളോ ഉമ്മൻചാണ്ടിയോ മുല്ലപ്പള്ളിയോ ചെന്നിത്തലയോ തന്നോട് ചോദിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് മത്സരിക്കാൻ താൻ സന്നദ്ധത അറിയിച്ചു എന്ന തരത്തിൽ വാർത്ത വന്നതെന്ന് അറിയില്ല. എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ നേമത്ത് മത്സരിക്കാം.
ഉമ്മൻചാണ്ടിയുടെ പേര് നേമത്തേക്ക് വന്നതിന് പിന്നിൽ സംഘടിതമായ ശ്രമങ്ങളുണ്ട്. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽത്തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹം. ഉമ്മൻചാണ്ടി മാറിയാൽ പുതുപ്പള്ളിയിൽ തിരിച്ചടിയുണ്ടാകും. നേമം കോൺഗ്രസ് ഏറ്റെടുത്ത ശേഷം ശക്തർ, ദുർബലർ എന്ന വാദങ്ങളാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കോൺഗ്രസ് സീറ്റ് ഏറ്റെടുത്തപ്പോൾത്തന്നെ തർക്കങ്ങൾ അവസാനിക്കേണ്ടതായിരുന്നു.
കേന്ദ്രമന്ത്രിയാക്കും എന്ന് മോഹിച്ചിട്ടല്ല വടകരയിൽ മത്സരിച്ചത്. കൂട്ടുകക്ഷി സർക്കാരുണ്ടാക്കി ഭരിച്ചാൽപോലും ആന്റണി, തരൂർ, കൊടിക്കുന്നിൽ എന്നീ മുൻ മന്ത്രിമാരും ഘടകകക്ഷി നേതാക്കളുമുള്ളപ്പോൾ മന്ത്രിസ്ഥാനം കിട്ടില്ലെന്ന് എനിക്കുറപ്പാണ്. കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടേണ്ട കാര്യമില്ല. ഐശ്വര്യ കേരളയാത്രയുടെ ഐശ്വര്യം നേതൃത്വം കളയരുത്. സ്ഥിരമായി തോൽക്കുന്ന സീറ്റുകളെങ്കിലും ഘടകകക്ഷികൾക്ക് കൊടുക്കാൻ സമ്മതിച്ചില്ലെങ്കിൽ എങ്ങനെയാണ് മുന്നോട്ട് പോവുകയെന്നും കെ. മുരളീധരൻ ചോദിച്ചു.
എരണം കെട്ടവർ ഭരിച്ചാൽ നാടിന് ദോഷം: കെ. മുരളീധരൻ
എരണംകെട്ടവൻ ഭരിച്ചാൽ ദോഷമാണെന്നാണ് പൊതുവേ പറയാറുള്ളതെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. കൂത്തുപറമ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പൊട്ടങ്കണ്ടി അബ്ദുള്ളയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചു വർഷത്തിനുള്ളിൽ ഓണമോ പെരുന്നാളോ ക്രിസ്മസോ തൃശൂർ പൂരമോ ആഘോഷിക്കാനായിട്ടില്ല. അഞ്ചുവർഷവും ദുരന്തത്തിൽ നിന്ന് ദുരന്തത്തിലേക്കുള്ള യാത്രയാണ് കണ്ടത്. ഭരിക്കുന്നവർ ദുഷ്ട പ്രവൃത്തി ചെയ്താൽ നാട്ടിൽ ദുരന്തമുണ്ടാവും.
ആകാശവും ഭൂമിയും വിറ്റവർ കേന്ദ്രവും കടൽ വിറ്റവർ കേരളവും ഭരിക്കുകയാണ്. കിറ്റ് കൊടുത്താൽ എല്ലാ പാപവും തീരില്ല. പാവങ്ങളെ സഹായിക്കുന്ന കാരുണ്യ പദ്ധതി ഇല്ലാതാക്കുകയും എല്ലാം വിറ്റുതുലയ്ക്കുകയുമാണ് പിണറായി സർക്കാർ ചെയ്തതെന്നും മുരളീധരൻ ആരോപിച്ചു.