tikaram

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ നിർദ്ദേശിച്ചു.

യോഗങ്ങളിൽ സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. യോഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള മൈതാനങ്ങളിലും ഓഡിറ്റോറിയങ്ങളിലും നിശ്ചിത എണ്ണം ആളുകളെയേ പങ്കെടുപ്പിക്കാവൂ. റാലികൾക്ക് നിശ്ചിത എണ്ണം വാഹനങ്ങളേ ഉപയോഗിക്കാവൂ.

ഭിന്നശേഷിക്കാർ, 80 വയസ് പൂർത്തിയായവർ, കൊവിഡ് രോഗികൾ, രോഗം സംശയിക്കുന്നവർ എന്നിവർക്ക് ആവശ്യമെങ്കിൽ തപാൽ വോട്ട് ചെയ്യാം. പ്രചാരണ സാമഗ്രികൾക്ക് ഹരിതചട്ടം നിർബന്ധമാണ്. പി.വി.സി ഉപയോഗിച്ചുള്ള ഫ്‌ളക്‌സ്, ബാനർ, ബോർഡ്, പ്ലാസ്റ്റിക് കൊടിതോരണങ്ങൾ എന്നിവ അനുവദിക്കില്ല. കോട്ടൺ തുണി, പേപ്പർ, പോളി എത്തിലീൻ തുടങ്ങിയ പുനരുപയോഗ,​ പുന: ചംക്രമണ സാദ്ധ്യമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. ഇവ അച്ചടിക്കുമ്പോൾ റീസൈക്കിളബിൾ, പി.വി.സി ഫ്രീ എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതിയും പ്രസിന്റെ പേരും പ്രിന്റിംഗ് നമ്പരും നിർബന്ധമാണ്. പ്രചാരണ സാമഗ്രികൾ ഉപയോഗ ശേഷം രാഷ്ട്രീയ പാർട്ടികൾ ശേഖരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകർമ്മ സേന മുഖേന സർക്കാർ കമ്പനിയായ ക്ലീൻ കേരള ലിമിറ്റഡിന് നൽകണം.

നാമനിർദ്ദേശപത്രിക ഓൺലൈനിലും സമർപ്പിക്കാം.

സ്ഥാനാർത്ഥികളുടെ കേസ് വിവരങ്ങൾ മൂന്ന് ഘട്ടങ്ങളിലായി മാദ്ധ്യമങ്ങളിൽ പരസ്യപ്പെടുത്തണം. പത്രിക പിൻവലിക്കാനുള്ള ആദ്യ നാല് ദിവസത്തിനുള്ളിൽ ആദ്യ ഘട്ടവും അടുത്ത അഞ്ചു മുതൽ എട്ട് ദിവസങ്ങൾക്കിടയിൽ രണ്ടാം ഘട്ടവും ഒമ്പതാം ദിവസം മുതൽ പ്രചാരണം തീരുന്ന ദിവസത്തിനുള്ളിൽ മൂന്നാംഘട്ടവും. കള്ളവോട്ട് പ്രോത്സാഹിപ്പിക്കരുത്. കള്ള വോട്ടിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ടിക്കാറാം മീണ പറഞ്ഞു.