
തിരുവനന്തപുരം: സ്ഥാനാർത്ഥികളെയിറക്കിയുള്ള പ്രചാരണം ഇടതുമുന്നണി മൂന്ന് ദിവസം പിന്നിടുമ്പോൾ സ്ഥാനാർത്ഥി പ്രഖ്യാപനമെത്തും മുമ്പേ തുടങ്ങിയ പ്രതിഷേധത്തിൽ വലയുകയാണ് കോൺഗ്രസ്. നാമനിർദ്ദേശ പത്രികാസമർപ്പണത്തിന് ഇനി അഞ്ച് നാളാണ് ബാക്കി. വോട്ടെടുപ്പിന് അവശേഷിക്കുന്നത് 24 ദിവസം. ഇടതുസ്ഥാനാർത്ഥികൾ നാളെ മുതൽ സജീവമായി പത്രികകൾ സമർപ്പിച്ചുതുടങ്ങും. ഇടതുമുന്നണി പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ ചൊല്ലി അവിടവിടെയായി ഉയർന്നുവന്ന മുറുമുറുപ്പുകൾ ഏറെക്കുറെ കുറഞ്ഞു. കുറ്റ്യാടിയിലെ സംഘർഷം പക്ഷേ ഇപ്പോഴും നേരിയതോതിലെങ്കിലും പുകയുന്നു. അതിന് ശമനമുണ്ടാക്കാൻ അവിടെ ഇന്ന് രാഷ്ട്രീയ വിശദീകരണയോഗം സി.പി.എം നടത്തും. കേരള കോൺഗ്രസ്-എമ്മിന്റെ അവിടത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം അതിന് ശേഷമാകും. സി.പി.ഐ ചടയമംഗലത്തെ സ്ഥാനാർത്ഥിയെ ഇന്നലെ പ്രഖ്യാപിച്ചപ്പോൾ അവിടെ പ്രതിഷേധ പ്രകടനമരങ്ങേറി.
നേമത്തെത്തുമോ ഉമ്മൻചാണ്ടി?
അതേസമയം, ഇന്ന് രാവിലെയോടെ സ്ഥാനാർത്ഥിപട്ടിക ഡൽഹിയിൽ പുറത്തിറക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. എന്നാൽ അനിശ്ചിതത്വം ഇപ്പോഴും തുടരുന്നെന്നാണ് സൂചന.എല്ലാവരും ഉറ്റുനോക്കുന്നത് നേമത്തേക്കാണ്. നേമത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തുമെന്ന അഭ്യൂഹത്തിന് ഇന്നലെ കൂടുതൽ കനംവച്ചു. അദ്ദേഹം പുതുപ്പള്ളിയിലും നേമത്തും മത്സരിക്കുമെന്ന് ആദ്യം പ്രചരിച്ചെങ്കിലും രണ്ടിടത്ത് മത്സരിക്കില്ലെന്ന് വൈകിട്ട് അദ്ദേഹം തന്നെ പ്രഖ്യാപിച്ചതോടെ ആ പ്രചാരണത്തിന് വിരാമമായി. നേമത്ത് മത്സരിക്കാനുള്ള സന്നദ്ധത അദ്ദേഹം കഴിഞ്ഞദിവസം ഹൈക്കമാൻഡിനെ അറിയിച്ചെന്ന് സൂചനകളുണ്ട്. എന്നാൽ, ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചോയെന്ന സന്ദേഹമാണുയർത്തുന്നത്. പുതുപ്പള്ളിയിൽ നിന്ന് അദ്ദേഹം മാറുന്നതിനെതിരെ നാടകീയരംഗങ്ങളുണ്ടായി. വൈകിട്ടോടെ തലസ്ഥാനത്തെത്തിയ ഉമ്മൻ ചാണ്ടി, നേമത്തെ അനിശ്ചിതത്വം ഉടൻ അവസാനിക്കുമെന്ന് വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ പ്രതികരണങ്ങളും നേമത്തെച്ചൊല്ലിയുള്ള ആകാംക്ഷകളെ ശക്തമാക്കുകയാണ്.81 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിക്കാര്യത്തിൽ ധാരണയായെന്ന് മുല്ലപ്പള്ളി പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ ദിവസത്തേതിന്റെ തുടർച്ചയായി ഇന്നലെ സംസ്ഥാനത്തെമ്പാടും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം പൂർവാധികം ശക്തിയോടെ നടന്നു. പ്രതിഷേധിക്കുന്ന പ്രവർത്തകരെ അനുനയിപ്പിക്കാനാണ് കഴിഞ്ഞദിവസം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലേക്ക് തിരിച്ചത്. എന്നാൽ നേതാക്കളുടെ ഇടപെടലിനും തണുപ്പിക്കാനാവാത്ത വിധമുള്ള വൈകാരിക പ്രതിഷേധങ്ങളാണ് പലയിടത്തും. കൊല്ലം സീറ്റിൽ തഴയപ്പെടുമെന്ന സൂചന ലഭിച്ച ഡി.സി.സി അദ്ധ്യക്ഷ ബിന്ദു കൃഷ്ണയ്ക്ക് വേണ്ടി ഡി.സി.സിയിൽ ഉയർന്ന വികാരപ്രകടനങ്ങളും അതുകണ്ട് ബിന്ദുകൃഷ്ണ വിതുമ്പിയതും ഇന്നലെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പലേടത്തും ഡി.സി.സികളിലും മണ്ഡലം കമ്മിറ്റികളിലും പ്രതിഷേധരാജികളും അരങ്ങേറുന്നു. സ്ഥാനാർത്ഥിപ്രഖ്യാപനം ഇന്നെത്തുമ്പോൾ പ്രതിഷേധത്തിന്റെ സ്വരം ഇനിയും കടുത്തേക്കാം. തൃപ്പൂണിത്തുറയിൽ കെ. ബാബുവിന് വേണ്ടി പ്രകടനങ്ങൾ തുടരുന്നു. കാസർകോട്ട് തൃക്കരിപ്പൂർ ഘടകകക്ഷിക്ക് വിട്ടുനൽകിയതിനെതിരെയും ഉദുമയിലെ സ്ഥാനാർത്ഥിക്കെതിരെയും പ്രതിഷേധങ്ങളുണ്ട്. മലമ്പുഴ ഘടകകക്ഷിക്ക് നൽകിയതിലും പ്രതിഷേധം നടന്നു.സ്ഥാനാർത്ഥിപ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നതിൽ നേതാക്കൾക്കിടയിലും അതൃപ്തികളുയരുന്നുണ്ട്.