
അന്തിക്കാട്: പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടി വിവാഹിതരായ യുവതിയെയും കാമുകനെയും അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വള്ളികുന്ന് സ്വദേശി കടുവങ്ങൽ വീട്ടിൽ രേഷ്മ സുരേഷ്കുമാർ (29), കൊല്ലം ഓച്ചിറ സ്വദേശി വിജിഭവം വീട്ടിൽ ശ്യാം (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഏഴ് വർഷം മുമ്പാണ് ആലപ്പുഴ സ്വദേശിയായ രേഷ്മ അരിമ്പൂർ സ്വദേശിയായ യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തത്.
അരിമ്പൂരിൽ താമസമാക്കി വരുന്നതിനിടയിലാണ് മാർച്ച് ഒന്നിന് ജോലി അന്വേഷിക്കാൻ കായംകുളത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് രേഷ്മ വീട്ടിൽ നിന്ന് പോയത്. ഇവർ തിരിച്ച് വരാതിരിക്കുകയും മൊബൈൽ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തതിനെ തുടർന്ന് ഭർത്താവ് അന്തിക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഓച്ചിറ പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. അന്തിക്കാട് എസ്.എച്ച്.ഒ: പി. ജ്യോതീന്ദ്രകുമാർ, എസ്.ഐ: സുധീഷ് കുമാർ കെ.വി, സിവിൽ പൊലീസ് ഓഫീസർമാരായ ബൈജു മലയിൽ, അനിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.