
തിരുവനന്തപുരം: സിറ്റിംഗ് സീറ്റായ നേമത്തിനൊപ്പം, കഴിഞ്ഞ തവണ വെറും 87 വോട്ടിന് കൈവിട്ട മഞ്ചേശ്വരവും പിടിക്കാൻ ബി.ജെ.പി കച്ചമുറുക്കിയതോടെ പ്രസ്റ്റീജ് പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങിയ ഈ മണ്ഡലങ്ങളാവും ഇത്തവണ ഏറ്റവും ശ്രദ്ധേയം. കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട മഞ്ചേശ്വരത്ത് ഇക്കുറിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെയാണ് പാർട്ടി ഗോദയിലിറക്കുന്നത്. പ്രഖ്യാപനം ഇന്നാണ്.
അതേസമയം, സമുന്നതനെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് സസ്പെൻസ് നിലനിറുത്തുന്ന നേമത്ത് ബി.ജെ.പിയുടെ സീനിയർ നേതാവും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ മത്സരിക്കും. ബി.ജെ.പിയുടെ തുറുപ്പുചീട്ടായ മെട്രോമാൻ ഇ.ശ്രീധരൻ പാലക്കാട്ട് തന്നെ. രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിയെ മത്സരത്തിനിറക്കാനും ബി.ജെ.പി തീരുമാനിച്ചു. കഴക്കൂട്ടത്ത് മത്സരിക്കുമെന്നു കരുതിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മത്സര രംഗത്തുണ്ടാവില്ല. പകരം ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്നാണ് കരുതുന്നത്. പരമാവധി സീറ്റുകൾ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ബി.ജെ.പി സംസ്ഥാന നേതൃത്വം കൈമാറിയ സാദ്ധ്യതാപട്ടികയിൽ ചില്ലറ മാറ്റങ്ങൾ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്രി തയ്യാറാക്കിയെന്നാണ് അറിയുന്നത്. കോന്നിയിൽ മത്സരിക്കുമെന്ന് കരുതിയ കെ.സുരേന്ദ്രനെ, ഒന്നാഞ്ഞുപിടിച്ചാൽ പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് മഞ്ചേശ്വരത്തേക്ക് വീണ്ടും പരിഗണിച്ചത്. സുരേഷ് ഗോപി ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മലമ്പുഴയിൽ കഴിഞ്ഞ തവണ വി.എസിനെതിരെ മത്സരിച്ച് രണ്ടാം സ്ഥാനത്ത് വന്ന പാലക്കാട് നഗരസഭാ മുൻ വൈസ് ചെയർമാൻ സി.കൃഷ്ണകുമാർ അവിടെത്തന്നെ ജനവിധി തേടും.
വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും ബി.ജെ.പി പട്ടികയിൽ മതിയായ പ്രാതിനിദ്ധ്യം നൽകിയിട്ടുണ്ടെന്ന് അറിയുന്നു. ഘടകകക്ഷികൾക്കും അർഹമായ പരിഗണനയുണ്ട്. കേരള കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ് പാലായിൽ മത്സരിക്കും. കോവളത്ത് കെ.കെ.എൻ.സി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന് സീറ്ര് നൽകുമെങ്കിലും അദ്ദേഹം താമര ചിഹ്നത്തിലായിരിക്കും മത്സരിക്കുക. മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ കാഞ്ഞിരപ്പള്ളിയിൽ മത്സരിപ്പിക്കും.നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും ശിവൻകുട്ടി അരുവിക്കരയിലും പാറശ്ശാലയിൽ കരമന ജയനും എം.ടി രമേശ് കോഴിക്കോട് നോർത്തിലും മത്സരിക്കും.
ലിസ്റ്റ് അഴിച്ചു പണിത് കേന്ദ്രം
ജില്ലകളിൽ നിന്ന് നിർദ്ദേശിച്ച പേരുകൾ പരിഗണിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്രി തയ്യാറാക്കിയ മുൻഗണനാ പട്ടികയിലാണ് കേന്ദ്രപാർലമെന്ററി ബോർഡിലെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്രിയിലെയും ചർച്ചകൾക്ക് ശേഷം അഴിച്ചുപണി ഉണ്ടായത്. സാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ പഴുതടച്ച തീരുമാനം വേണമെന്ന ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് പല പേരുകളും മാറ്റി. കേന്ദ്ര പാർലമെന്ററി മന്ത്രി പ്രഹ്ലാദ് ജോഷി, കർണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണൻ, സി.പി.രാധാകൃഷ്ണൻ തുടങ്ങിയവർ കേരളത്തിൽ ക്യാമ്പ് ചെയ്താണ് പട്ടിക തയ്യാറാക്കിയത്. ഈ പട്ടികയുമായാണ് കേരള നേതാക്കൾ ഡൽഹിയിൽ എത്തിയത്. ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവർ കേരള നേതാക്കളുമായി രണ്ടു ദിവസങ്ങളിലായി നടത്തിയ ചർച്ചയിലാണ് പട്ടികയിൽ മാറ്റങ്ങളുണ്ടായത്.