
യു.ഡി.എഫിൽ അനുവദിച്ച 10 സീറ്റുകളിലേക്ക് കേരള കോൺഗ്രസ്- ജോസഫ് വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
തൊടുപുഴ: പി.ജെ. ജോസഫ്
വയസ് 79. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ.നിയമസഭയിലേക്ക് 11-ാം അങ്കം. ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം, പൊതുമരാമത്ത്, ഭവന നിർമാണം, രജിസ്ട്രേഷൻ, എക്സൈസ്, ജലവിഭവം വകുപ്പുകളിൽ മന്ത്രിയായി. നിലവിൽ തൊടുപുഴ എം.എൽ.എ.യു.ഡി.എഫ് സ്ഥാപക കൺവീനർ, കേരള കോൺഗ്രസ് ചെയർമാൻ, കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഡോ.ശാന്ത. മക്കൾ: അപ്പു, യമുന, ആന്റണി, പരേതനായ ജോ.
കടുത്തുരുത്തി: മോൻസ് ജോസഫ്
വയസ് 57, കടുത്തുരുത്തി സ്വദേശി, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി. കേരളാ കോൺഗ്രസ് (ജോസഫ്) ജനറൽ സെക്രട്ടറി. നിയമസഭയിലേക്ക് അഞ്ചാം തവണ .യൂത്ത് ഫ്രണ്ട് (ജെ) സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു.നിയമബിരുദ ധാരി, ഭാര്യ സോണിയ മകൾ മീന.
ഇരിങ്ങാലക്കുട: തോമസ് ഉണ്ണിയാടൻ
വയസ് 62. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാരസമിതി അംഗം. 2001, 2006, 2011 വർഷങ്ങളിൽ ഇരിങ്ങാലക്കുടയിൽ നിന്ന് നിയമസഭയിലെത്തി. 2015 ഏപ്രിലിൽ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പായിരുന്നു. കോട്ടയം വൈക്കം ഉണ്ണിയാടത്ത് ജോസഫ് മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകൻ. ഭാര്യ: ഷേർളി. മക്കൾ: ഡോ. നികിറ്റ തോമസ് , നിതിഷ.
കുട്ടനാട് : അഡ്വ. ജേക്കബ് എബ്രഹാം
വയസ് 64. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഹൈപവർ കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ പ്രസിഡന്റുമാണ്. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഡയറക്ട് ബോർഡ് അംഗം,ലേബർ വെൽഫയർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സൂസൻ ജേക്കബ് .മക്കൾ: നമീത എലിസബത്ത് ജേക്കബ്, ഷമീത സാറ ജേക്കബ്, എബ്രഹാം ജേക്കബ്.
ഏറ്റുമാനൂർ: അഡ്വ. പ്രിൻസ് ലൂക്കോസ്
വയസ് 48,കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളും യൂത്ത് കോൺഗ്രസിന്റെ ആദ്യ സംസ്ഥാന പ്രസിഡന്റുമായ പാറമ്പുഴ ഒറ്റത്തയ്യിൽ ഒ.വി ലൂക്കോസാണ് പിതാവ്. അഭിഭാഷകനും നോട്ടറി പബ്ലിക്കുമാണ് . മാതാവ്: ആനിയമ്മ ലൂക്കോസ്. ഭാര്യ: സിന്ധു പ്രിൻസ് . മക്കൾ: ഹന്ന പ്രിൻസ്, ലൂക്കാ പ്രിൻസ്.
ഇടുക്കി: ഫ്രാൻസിസ് ജോർജ്
വയസ്: 65. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ്. രണ്ടാം അങ്കം. കേരള കോൺഗ്രസ് സ്ഥാപക നേതാവ് കെ.എം. ജോർജിന്റെ മകൻ.രണ്ട് തവണ ഇടുക്കി എം.പി. 2016ൽ ജനാധിപത്യ കേരള കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ച് എൽ.ഡി.എഫുമായി ചേർന്ന് പ്രവർത്തിച്ചു. തുടർന്ന് വീണ്ടും ജോസഫ് പക്ഷത്തേക്ക് തിരിച്ചെത്തി.ഭാര്യ: ഷൈനി ജോർജ്. മക്കൾ ജോർജ്, ജോസ്, ജേക്കബ്.
കോതമംഗലം: ഷിബു തെക്കുംപുറം
വയസ് 56.കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ്.യു.ഡി.എഫ് എറണാകുളം ജില്ലാ കൺവീനർ എന്റെ നാട് കൂട്ടായ്മയുടെ ചെയർമാൻ.യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്ര്ട്ടറി, പ്രസിഡന്റ്, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ - ബിജി മക്കൾ: എലൻ , എറിൻ ലിസ്ബത്ത്.
ചങ്ങനാശേരി : വി.ജെ ലാലി
വയസ് 57. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം.കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി,സംസ്ഥാന കമ്മിറ്റിയംഗം,സ്റ്റിയറിംഗ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.റിട്ട.ഹയർസെക്കൻഡറി അദ്ധ്യാപകനായിരുന്നു.കർഷകവേദി സംസ്ഥാന പ്രസിഡന്റ് . ഭാര്യ: ടാനിമോൾ വി.എസ്.മക്കൾ: അമല, ജോസഫ്,മെറീന.
തിരുവല്ല: കുഞ്ഞുകോശി പോൾ
വയസ് 60. ആദ്യമത്സരം. കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന ഉന്നതാധികാര സമിതിയംഗം. കേരള യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, പത്തനംതിട്ട ജില്ലാ കൗൺസിലംഗം. ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറാണ്. മല്ലപ്പള്ളി സ്വദേശി . സോളി പുന്നൂസാണ് ഭാര്യ. മക്കൾ: സ്നേഹ , സ്വപ്ന
ജോസഫിന്റെ സ്ഥാനാർത്ഥിയായി മാണിയുടെ മരുമകൻ
കൊച്ചി: എൽ.ഡി.എഫിന്റെ വികസന വിരുദ്ധകാഴ്ചപ്പാടിൽ പ്രതിഷേധിച്ചാണ് താൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി തൃക്കരിപ്പൂരിൽ മത്സരിക്കുന്നതെന്ന് മുൻ ഐ.എ.എസ് ഓഫീസറും കെ.എം.മാണിയുടെ മരുമകനുമായ എം.പി.ജോസഫ് പറഞ്ഞു.
ഇടത് ഭരണകാലത്തെ വികസന മുരടിപ്പില്ലായിരുന്നെങ്കിൽ കേരളം ഒരുപാട് മുന്നേറുമായിരുന്നു. ഒരു വെല്ലുവിളിയാണ് ഈ മത്സരം. വർഷങ്ങളായി താൻ കോൺഗ്രസിലാണെന്നും കോൺഗ്രസും കേരള കോൺഗ്രസും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും എം.പി.ജോസഫ് പറഞ്ഞു. ജോസഫ് 20 വർഷത്തോളം ഐക്യരാഷ്ട്രസഭയിലും ഏഴ് വർഷം ലേബർ കമ്മിഷണറായും പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ കളക്ടറായിരുന്നു. വയസ് 64.ഭാര്യ - സാലി.മക്കൾ - പോൾ, നിധി.ഫിസിക്സിലും ബിരുദാനന്തരബിരുദം.