
തിരുവനന്തപുരം: ആദ്യഘട്ടത്തിൽ ഒഴിച്ചിട്ട നാല് മണ്ഡലങ്ങളിലേക്ക് കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ അവരുടെ പട്ടിക അന്തിമമാക്കിയപ്പോൾ രണ്ട് ടേം പിന്നിട്ട സിറ്റിംഗ് എം.എൽ.എമാരിൽ തഴയപ്പെട്ട ഏക എം.എൽ.എയായി നാട്ടിക അംഗം ഗീത ഗോപി. സ്ഥാനാർത്ഥി പട്ടികയിൽ വനിതാപ്രാതിനിദ്ധ്യം കുറഞ്ഞെന്ന് കഴിഞ്ഞ സംസ്ഥാന കൗൺസിലിലെ വിമർശനം കണക്കിലെടുത്ത് തൃശൂരിൽ നിന്നുവന്ന നാട്ടികയിലെ ആദ്യപട്ടിക പുനഃപരിശോധിക്കാൻ സംസ്ഥാനനേതൃത്വം നിർദ്ദേശിച്ചിരുന്നു. എന്നാൽ രണ്ടാമതും ഗീതയ്ക്ക് പകരം സി.സി. മുകുന്ദനെ തന്നെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വം നിർബന്ധം കാട്ടിയതോടെ സംസ്ഥാന സെന്റർ വഴങ്ങി.യുവനേതൃത്വത്തിന് പ്രാതിനിദ്ധ്യമുറപ്പാക്കാൻ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ. സജിലാലിനെ ഹരിപ്പാട് പട്ടികയിലുൾപ്പെടുത്താൻ സംസ്ഥാന സെന്റർ നിർദ്ദേശിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന് നറുക്ക് വീണത്. പറവൂരിൽ വി.ഡി. സതീശനെതിരെ പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വത്തിന്റെ മകൾ സൂര്യ ബിനോയിയെ സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചെങ്കിലും എറണാകുളം ജില്ലാ നേതൃത്വം നിക്സൺ മതിയെന്ന നിലപാടിലുറച്ചുനിന്നു. നിക്സണിന്റെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യുമെന്നാണ് അവരുടെ വിലയിരുത്തൽ.
നാട്ടിക: സി.സി . മുകുന്ദൻ
വയസ് 62.ചുമട്ട് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ വൈസ് പ്രസിഡന്റ്, അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ആക്ടിംഗ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: രാധിക. മക്കൾ: നിനു, നിപ.
ഹരിപ്പാട്  : അഡ്വ. ആർ. സജിലാൽ
വയസ് 41. നിയമസഭയിലേക്ക് ആദ്യ മത്സരം. കൊല്ലം അഞ്ചൽ സ്വദേശി. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമാണ്. കേരള സിറാമിക്സ് ലിമിറ്റഡ് ഡയറക്ടർ, സംസ്ഥാന സാക്ഷരതാ മിഷൻ ജനറൽ കൗൺസിലംഗവുമാണ്. ലാ അക്കാഡമിയിൽ നിന്ന് നിയമബിരുദം നേടി. ഭാര്യ: രമ്യ. മകൾ: ശ്രീനന്ദ എസ്.ലാൽ.
പറവൂർ : നിക്സൺ എം.ടി 
60 വയസ്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം.സി.പി.ഐ എറണാകുളം ജില്ലാ ട്രഷറർ മുൻ എഫ്. എ. സി. ടി ജീവനക്കാരൻ ഭാര്യ - ബ്യൂലാ നിക്സൻ. മക്കൾ - ലാസ്നിക് ആന്റണി, നിധിൻ ജോസഫ്.
ചടയമംഗലം :ജെ.ചിഞ്ചുറാണി
വയസ് 58. കൊല്ലം മുണ്ടയ്ക്കൽ സ്വദേശി. സി.പി.ഐ ദേശീയ കൗൺസിലംഗവും സംസ്ഥാന എക്സി. അംഗവും കേരളാ മഹിളാസംഘം സംസ്ഥാന പ്രസിഡന്റും പൗൾട്രി കോർപ്പറേഷൻ ചെയർപേഴ്സനുമാണ്. എൻ. ശ്രീധരന്റെയും ജഗദമ്മയുടെയും മകൾ. ഭർത്താവ് കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ. മക്കൾ: നന്ദു സുകേശൻ, നന്ദനാ റാണി.