k-murali

തിരുവനന്തപുരം: ഒരാഴ്ചയിലധികം നീണ്ട നാടകീയതകൾക്കൊടുവിൽ ആ 'കരുത്തനെ'ക്കുറിച്ചുള്ള സസ്പെൻസ് കോൺഗ്രസ് പൊട്ടിച്ചപ്പോൾ, നായകമുഖമായി കെ. മുരളീധരൻ.

സംസ്ഥാനത്ത് ബി.ജെ.പിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത്, ബി.ജെ.പിക്കു തടയിടാൻ കരുത്തനെ ഇറക്കുമെന്ന് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ച ശേഷം കേരളത്തിന്റെയാകെ കണ്ണും കാതും നേമത്തേക്ക് കൂർപ്പിച്ചു നില്പായിരുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുതൽ ശശി തരൂർ വരെയുള്ളവരിൽ ചുറ്റിക്കറങ്ങിയ ശേഷമാണ് കോൺഗ്രസ് ഒടുവിൽ മുരളിയിൽ പേരുറപ്പിച്ചത്.

കഴിഞ്ഞ തവണത്തെ പതിമൂവായിരത്തിന്റെ വോട്ടുകണക്കിൽ നിന്ന് അമ്പതിനായിരത്തിനപ്പുറത്തേക്കു കടത്തി നേമം പിടിക്കേണ്ടി വരുമ്പോൾ, മുരളീധരൻ ഏറ്റെടുക്കുന്നത് ചെറിയ വെല്ലുവിളിയല്ല. 2016ൽ 13,860 വോട്ടാണ് യു.ഡി.എഫ് നേമത്തു നേടിയത്. 2011ൽ 20,​248 വോട്ടും. ഈ അവസ്ഥയിൽ, നേമത്ത് കൂട്ടിനോക്കിയ പല മുഖങ്ങളെക്കാളും കോൺഗ്രസിന് സമവാക്യങ്ങളെല്ലാം ഒത്തുചേരുന്ന മുഖം എന്തുകൊണ്ടും മുരളിയുടേതു തന്നെയെന്ന് ഹൈക്കമാൻഡും തിരിച്ചറിയുന്നു.എം.പിമാർക്ക് ഇളവില്ലെന്ന വ്യവസ്ഥ മുരളീധരനു മാത്രമായി വഴിമാറുന്നു. മുരളീധരന്റെ സാന്നിദ്ധ്യം തലസ്ഥാന ജില്ലയിലെ സമീപമണ്ഡലങ്ങളിലും തെക്കൻ ജില്ലകളിലാകെയും യു.ഡി.എഫിന് പ്രസരിപ്പേകുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.

2016ൽ യു.ഡി.എഫിന് കെട്ടിവച്ച കാശ് പോയ മണ്ഡലമാണ് നേമം. മണ്ഡല പുനർവിഭജനമുണ്ടായ ശേഷം നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന്റെ പ്രകടനം തീർത്തും ദയനീയമായിരുന്നു. 2011ൽ സോഷ്യലിസ്റ്റ് ജനതാദളായും 2016ൽ ജനതാദൾ യുണൈറ്റഡായും യു.ഡി.എഫിൽ നിന്നു മത്സരിച്ചത് അന്തരിച്ച എം.പി.വീരേന്ദ്രകുമാർ നേതൃത്വം നൽകിയ പാർട്ടിയായിരുന്നു. അവരിപ്പോൾ ലോക് താന്ത്രിക് ജനതാദളായി ഇടതു മുന്നണിയിലാണ്

2009ലെ മണ്ഡല പുനർവിഭജന ശേഷമുള്ളത് പഴയ നേമത്തെ സാമുദായിക സമവാക്യമല്ല. പഴയ തിരുവനന്തപുരം ഈസ്റ്റിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പഴയ നേമത്തിന്റെ ചില മേഖലകളും കൂടിച്ചേർന്നതാണ് പുതിയ ഭൂമിശാസ്ത്രം. നായർ സമുദായത്തിന് മേൽക്കൈ. മുസ്ലിം, ഈഴവ, നാടാർ പിന്നാലെ. ചില പോക്കറ്റുകളിൽ പട്ടികജാതി വിഭാഗവും. 2011 മുതൽ ഘടകകക്ഷിക്ക് വിട്ടുകൊടുത്തതോടെ, നേമത്തെ കോൺഗ്രസ് നിർജ്ജീവമാണ്. ബി.ജെ.പി സ്വാധീനം ഇരട്ടിയിലേറെയാക്കി. 182ൽ എഴുപതിൽപ്പരം ബൂത്തുകളിലും കോൺഗ്രസ് ജഡാവസ്ഥയിലാണ്. അതിനെ പുനരുജ്ജീവിപ്പിച്ച് പ്രവർത്തകരെ വഴിതെളിച്ചു നടത്തേണ്ട ഭാരിച്ച ജോലിയുണ്ട്. മുരളീധരന്റെ വരവിൽ പ്രവർത്തകർ ഉണരുമെന്ന ആത്മവിശ്വാസം മാത്രമാണിപ്പോൾ കോൺഗ്രസ് കൈമുതൽ.

2011ൽ 50,076 വോട്ടുകൾ നേടിയ സി.പി.എമ്മിലെ വി. ശിവൻകുട്ടി 2016ൽ അത് 59,​142 ആയി ഉയർത്തിയിട്ടും പ്രയോജനമുണ്ടായില്ല. ബി.ജെ.പിയിലെ ഒ. രാജഗോപാൽ 2011ൽ നേടിയ 43,​661 വോട്ടുകൾ 2016 ൽ 67,813 ആക്കി ഉയർത്തിയപ്പോൾ വിജയം താമരക്കുമ്പിളിലൊതുങ്ങി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെ തുണയ്ക്കാത്ത ഒരേയൊരു മണ്ഡലമാണ് നേമം. ബി.ജെ.പിയിലെ കുമ്മനം രാജശേഖരന് നേമം നൽകിയ ലീഡ് പന്ത്രണ്ടായിരത്തിൽപ്പരം വോട്ടിന്റേതാണ്. കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും നേമത്ത് ആറായിരത്തിൽപരം വോട്ടിന്റെ മേൽക്കൈയാണ് ബി.ജെ.പിക്ക്. മണ്ഡലത്തിലെ 14 വാർഡുകൾ ബി.ജെ.പിക്കൊപ്പമുണ്ട്. 9 വാർഡുകൾ ഇടതിനൊപ്പവും. പൂജ്യമാണ് കോൺഗ്രസ് നില. അതുകൊണ്ടുതന്നെ മുരളീമന്ത്രം സൃഷ്ടിക്കുന്ന മാന്ത്രികത എങ്ങനെയാവും?. പഴയ നേമത്ത് ലീഡർ കരുണാകരൻ സൃഷ്ടിച്ച പ്രസരിപ്പിന്റെ അനുരണനം കോൺഗ്രസുകാർ മകൻ മുരളിയിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. വടകര പിടിക്കാൻ വട്ടിയൂർക്കാവിൽ നിന്നയച്ച ഒറ്റമൂലിയെ ഇപ്പോൾ നേമം പിടിക്കാൻ കോൺഗ്രസ് തിരിച്ചിറക്കുമ്പോൾ ,എല്ലാ കണ്ണുകളും മുരളിയിലേക്കാണ്.