v

തിരുവനന്തപുരം: മുന്നണികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായതോടെ തലസ്ഥാന നഗരിയിലും പ്രചാരണം ആവേശത്തിലേക്ക്.

മൂന്ന് മണ്ഡലങ്ങളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ആദ്യറൗണ്ട് പ്രചാരണം പൂർത്താക്കിക്കഴിഞ്ഞു. യു.ഡി.എഫും എൻ.ഡി.എയും ഇന്ന് മുതൽ പ്രവർത്തനത്തിൽ സജീവമാകും. ഡിജിറ്റൽ പോസ്റ്ററുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുന്ന തിരക്കിലാണ് പ്രവർത്തകർ.

വട്ടിയൂർക്കാവിൽ നിലവിലെ എം.എൽ.എ വി.കെ. പ്രശാന്ത് കൺവെൻഷനുകൾ, സമ്മേളനങ്ങൾ, റോഡ് ഷോ, ഗൃഹസന്ദർശനം എന്നിവയുമായി സജീവമായി രംഗത്തുണ്ട്. അതിരാവിലെ മുതൽ എൽ.ഡി.എഫിന്റെ അഞ്ചംഗ സക്വാഡ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വേട്ടുതേടിയെത്തും. യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പി സ്ഥാനാർത്ഥി വി.വി. രാജേഷ് ബൈക്ക് റാലിയും ഗൃഹസന്ദർശനവും ഇന്നലെ മുതൽ ആരംഭിച്ചു. വരുംദിവസങ്ങളിൽ പ്രമുഖ നേതാക്കന്മാ‌ർ ഉൾപ്പെടുന്ന കൺവെൻഷനുകളും റോഡ് ഷോകളും സംഘടിപ്പിക്കും.

തിരുവനന്തപുരം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി രാജു ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കി. ഗൃഹസന്ദർശനവും കൺവെഷനുകളുമായി ഇടത് ക്യാമ്പ് സജീവമാണ്. വാർഡുതല സമ്മേളനവും റോഡ് ഷോകളും വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.

അതേസമയം ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാർ പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു. ആരാധനാലയങ്ങൾ സന്ദർശിച്ച അദ്ദേഹം മത മേലദ്ധ്യക്ഷന്മാർ ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തി. ഇന്നും നാളെയും മണ്ഡലാടിസ്ഥാനത്തിൽ കൺവെഷൻഷനുകളും സമ്മേളനങ്ങളും സംഘടിപ്പിക്കും. ബി.ജെ.പി സ്ഥാനാർത്ഥി സിനിമാ താരം കൃഷ്‌ണകുമാർ ഇന്നലെ മുതൽ പ്രചാരണം ആരംഭിച്ചു. അദ്ദേഹം വീടുകളിലും കടകളിലും വോട്ടുതേടിയെത്തി. വരും ദിവസങ്ങളിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനങ്ങളും നടക്കും.

കഴക്കൂട്ടം മണ്ഡലത്തിലെ നിലവിലെ എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ ഒന്നാം റൗണ്ട് പ്രചാരണം പൂർത്തിയാക്കി. ഗൃഹസന്ദർശനവും വിവിധ നേതാക്കൾ പങ്കെടുത്ത കൺവെൻഷനുകൾ നടത്തിയിരുന്നു. സി.പി.എമ്മിന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനങ്ങളും റോഡ് ഷോകളും ഈ ആഴ്ച സംഘടിപ്പിക്കും. ഡോ.എസ്.എസ്. ലാലാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി. ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥിക്ക് ഗംഭീര സ്വീകരണമൊരുക്കി. കണ്ണമ്മൂലയിൽ നിന്നാണ് അദ്ദേഹത്തിന്റെ പ്രചാരണ പരിപാടി ഔദ്യോഗികമായി ആരംഭിച്ചത്. വരും ദിവസങ്ങളിൽ പ്രമുഖ യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനങ്ങളും സംഘടിപ്പിക്കും. ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.