
മുടപുരം: ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ പാതയിലാണ്. വികസനത്തിന്റെ ഭാഗമായി നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ റെയിൽവേ സ്റ്റേഷനിൽ നടക്കുമ്പോൾ ഫുട്ട് ഓവർബ്രിഡ്ജ് നിർമ്മാണം പദ്ധതിയിൽ ഇല്ലാത്തത് അപാകതയായി യാത്രക്കാരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.
ഇത് പുനരുദ്ധാരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പെരുങ്ങുഴി റെയിൽവേ യൂസേഴ്സ് അസോസിയേഷൻ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.
ചെറിയൊരു ഓഫീസ് മന്ദിരവും വെയിറ്റിംഗ് ഷെഡുകളും നിലവിലുണ്ട്. കുടിവെള്ള ടാപ്പ് നിർമ്മിച്ചിട്ടുണ്ടെങ്കിലും കുടിവെള്ളം ലഭിക്കുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
ഇപ്പോൾ നൂറുമീറ്റർ നീളത്തിലും 5 മീറ്റർ പൊക്കത്തിലും പ്ലേറ്റ്ഫോം നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ പ്ലാറ്റ്ഫോമിന്റെ പണി പൂർത്തിയാകുമ്പോൾ റെയിൽവേ സ്റ്റേഷനിൽ നിന്നും ടിക്കറ്റ് എടുത്തുകൊണ്ടു ഒന്നാം പ്ലേറ്റ് ഫോമിൽ നിന്ന് രണ്ടാം പ്ലാറ്റ്ഫോമിൽ പ്രവേശിക്കുന്നത് ബുദ്ധിമുട്ടും അപകടകരവുമാണ്.
നേരത്തെ ഒരു റെയിൽവേ ലൈനും പൊക്കമില്ലാത്ത പ്ലാറ്റ്ഫോമുമായതിനാൽ ഈ പ്രശ്നം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ രണ്ട് റെയിൽവേ ലൈനിലൂടെയും ട്രെയിൻ കടന്നു വരുന്നതിനാൽ ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്കും തിരിച്ചും ലൈൻ കടന്നുപോകുന്നത് അപകടത്തിന് കാരണമാകുമെന്നാണ് യാത്രക്കാർ പറയുന്നത്.