
മാള: മാളയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിനെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. മാള കുരുവിലശ്ശേരി സ്വദേശി വടാശേരി വീട്ടിൽ പ്രമോദ് (മാക്രി പ്രമോദ്) (28) നെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 24 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രമോദിനെതിരെ കാപ്പ നിയമപ്രകാരമാണ് കേസെടുത്തത്. നിരവധി കോടതികളിലായി ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ടുള്ളതിനാൽ പ്രതി ഒളിവിൽ കഴിയുകയായിരുന്നു.
കണ്ണൂർ, വയനാട്, തൃശൂർ ജില്ലയിലെ കുറ്റിച്ചിറ, കുറ്റിക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളുടെ ഫോൺ നമ്പറുകൾ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് മാളയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2013 മുതൽ വിവിധ സ്റ്റേഷനുകളിലായി എട്ടോളം വധശ്രമ കേസുകളിലും, കവർച്ചാ കേസിലും, പൊലീസിനെ അക്രമിക്കാൻ ശ്രമിച്ച കേസിലും, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും, ചന്ദനമരം മോഷണം നടത്തിയ കേസിലും പ്രതിയാണ്.
റൂറൽ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ടി.ആർ രാജേഷിന്റെ നേതൃത്വത്തിൽ മാള ഇൻസ്പെക്ടർ ഷോജോ വർഗീസും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടികൂടിയ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ രാജേഷ് ആയോടൻ, ദിനേശൻ, സീനിയർ സി.പി.ഒമാരായ ബിജു കട്ടപ്പുറം, മിഥുൻ ആർ. കൃഷ്ണ, സി.പി.ഒമാരായ സലേഷ്, വിമൽ, സുജിത്ത്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഒ.എച്ച് ബിജു എന്നിവരുണ്ടായിരുന്നു.