
ആലുവ: നഗരത്തിലും പരിസരങ്ങളിലും വൻ മോഷണത്തിന് പദ്ധതിയിട്ട് ആയുധങ്ങളുമായി ഒരുങ്ങി നിന്ന മൂന്നംഗ സംഘം പൊലീസ് പിടിയിലായി. തൊടുപുഴ കരിങ്കുന്നം പുത്തമ്പള്ളി വലിയ കോളനിക്ക് സമീപം തെക്കേടത്ത് സുരേഷ് (55), കൊടുങ്ങല്ലൂർ പുല്ലാട്ടുചപ്പാറ ഉഴുവാത്തകടവ് ചക്കാണ്ടി വിനു (44), വേങ്ങൂർ കൊമ്പനാട് ക്രാരിയേലി കൊച്ചക്കൽ വീട്ടിൽ എൽദോ (40) എന്നവരെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്.
പ്രതികൾ കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിൽ വിവിധ സ്റ്റേഷനുകളിലെ നിരവധി മോഷണക്കേസുകളിൽ പ്രതികളാണ്. റസിഡന്റ്സ് അസോസിയേഷന്റെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും ഇവരെ കുറിച്ച് വിവരങ്ങൾ ലഭിച്ചിരുന്നു. അന്വേഷണ സംഘത്തിൽ ആലുവ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ടി.എസ്. സിനോജ്, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെളക്ടർ പി.എസ്. രാജേഷ്, എസ്.ഐ മാരായ ആർ. വിനോദ്, വിപിൻ ചന്ദ്രൻ, രാജൻ, എം.എ. നവാസ്, എ.എസ്.ഐ സജിവ്, എസ് സി.പി.ഒ ബൈജു, സി.പി.ഒ മാഹിൻഷാ, അബൂബക്കർ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.